കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ
കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി. സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്നുവെന്നാണ് കേസ്. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ പ്രതി തന്നെ ചെയ്താണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കോട്ടയം സെഷൻസ് കോടതി നാളെ (വെള്ളിയാഴ്ച) ശിക്ഷ വിധിക്കും. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്‌കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
സംഭവസമയം വീട്ടിലുണ്ടായിരുന്ന രഞ്ജുകുര്യന്റെയും ജോർജ് കുര്യന്റെയും മാതാപിതാക്കടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. വിചാരണ വേളയിൽ അമ്മയും ബന്ധുക്കളും അടക്കമുള്ള സാക്ഷികൾ കൂറുമാറിയിരുന്നു. എന്നാൽ പ്രധാന സാക്ഷികൾ മൊഴിയിൽ ഉറച്ചു നിന്നതോടെയാണ് കുറ്റം തെളിഞ്ഞത്. കൂടാതെ കൊലപാതകത്തിന് മുൻപു പ്രതി അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും നിർണായക വഴിത്തിരിവായി. 2023 ഏപ്രിൽ 24ന് ആരംഭിച്ച വിചാരണ കഴിഞ്ഞ വെള്ളിയാഴ്ച പൂർത്തിയായത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.