For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം; വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു

11:11 AM Jul 06, 2024 IST | ലേഖകന്‍
കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം  വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ  പി ഉദയഭാനു
Advertisement
Advertisement

പത്തനംതിട്ട: കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രന് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. കാപ്പാ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഎം ഇന്നലെ മാലയിട്ട് സ്വീകരിച്ചത്. ശരൺ ചന്ദ്രൻ നിലവിൽ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞെന്നുമായിരുന്നു ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനുവിന്റെ മറുപടി. ശരണിനെ നാടുകടത്തിയിട്ടില്ലെന്നും കാപ്പയിൽ താക്കീത് നൽകിയിട്ടെയുള്ളുവെന്നും ആർ എസ് എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് പ്രതിയായതെന്നും ഉദയഭാനു വിശദീകരിച്ചു. സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ആണ് ഉദ്ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. രാഷ്ട്രീയ കേസുകളിൽ പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.

കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ശരൺ ചന്ദ്രൻ. 60 ഓളം പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരൺ ചന്ദ്രൻ പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23 നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.

ശരൺ ഉൾപ്പെടെ 60 ഓളം പേരെ കുമ്പഴ ഭാഗത്തുള്ള ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. കാപ്പാ കേസ് ചുമത്തിയ ശരൺ ചന്ദ്രൻ തുടര്‍ന്നും ക്രിമിനൽ കേസിൽ ഉൾപ്പെട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ നാടുകടത്തിയിരുന്നില്ല. ആ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ഇയാൾ, വീണ്ടും ക്രിമിനൽ കേസിൽ ഉൾപ്പെട്ടതോടെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്.

ഇഡ്ഡലി എന്നാണ് ശരൺ ചന്ദ്രൻ്റെ വിളിപ്പേര്. പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാൽ പത്തനംതിട്ടയിൽ മലയാലപ്പുഴ മേഖലയിൽ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്ത് പരസ്യമായി തന്നെ രംഗത്ത് വന്നു. പലരും വാട്സ്ആപ്പുകളിലും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചു. മന്ത്രി പങ്കെടുത്ത പരിപാടിയിൽ കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നൽകുന്ന കാര്യം പൊലീസിൻ്റെ ഇൻ്റലിജൻസ് സംവിധാനം മനസിലാക്കാതിരുന്നതും മുന്നറിയിപ്പ് നൽകാതിരുന്നതും എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.