പി.ശശിയെ രൂക്ഷമായി വിമര്‍ശിച്ച് കാരാട്ട് റസാഖ്
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ രൂക്ഷമായി വിമര്‍ശിച്ച് കൊടുവള്ളി മുന്‍ എം.എല്‍.എയും സി.പി.എം സഹയാത്രികനുമായ കാരാട്ട് റസാഖ്. പി.ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞുതമായ നിലപാട് സി.പി.എം സഹയാത്രികര്‍ക്ക് യോജിക്കാന്‍ കഴിയുന്നതല്ലയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്‍വര്‍ എം.എല്‍.എ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കിടെയാണ് പി.ശശിക്കെതിരെ ആരോപണം രൂക്ഷമായത്.പൊലീസ് എ.ഡി.ജി.പി അജിത്ത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച അന്‍വര്‍, എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണെന്നും ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി വിശ്വസിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്ന് പി.ശശി ഗുരുതര വീഴ്ച വരുത്തിയെന്നും അന്‍വര്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തൃശൂരിനിപ്പുറം തലസ്ഥാനത്തേക്ക് അടുപ്പിക്കാതെ സി.പി.എം മാറ്റിനിര്‍ത്തിയ ഉദ്യോഗസ്ഥനായ അജിത്ത്കുമാര്‍, പി. ശശി മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്നതോടെയാണ് സുപ്രധാന പദവികളിലേക്ക് എത്തുന്നത്.