'ജൻ ദർശൻ, ഇത് കർണാടക മോഡൽ ജനസദസ്സ്'; ജനങ്ങളിലേക്ക് ഇറങ്ങി സിദ്ധരാമയ്യ
ബംഗളൂരു: കേരളത്തിൽ പോലീസ് ബന്ധവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ 'ജന സദസ്സ്' പുരോഗമിക്കുമ്പോൾ കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ 'ജൻ ദർശനുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനസമ്പർക്ക പരിപാടിയുടെ മാതൃകയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നേരിട്ട് മുഖ്യമന്ത്രി ദിവസം മുഴുവൻ പരാതികൾ സ്വീകരിക്കുന്ന രീതിയിലാണ് ‘ജൻ ദർശൻ' പരിപാടി.
ബംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയുടെ വളപ്പിലാണ് 'ജൻ ദർശൻ' പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ എത്തിയത്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമടക്കം 20 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, എല്ലാ വകുപ്പുകളുടെയും കമ്മീഷണർമാർ എന്നിവരെല്ലാം സന്നിഹിതരാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇത് രണ്ടാം തവണയാണ് 'ജൻ ദർശൻ' സംഘടിപ്പിക്കുന്നത്. പരാതികൾ രജിസ്റ്റർ ചെയ്യാനായി എത്തുന്നവർക്ക് ക്യു.ആർ. കോഡുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലയിലെയും പരാതികൾ തരംതിരിക്കാനും ഉദ്യോഗസ്ഥർ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരാതികൾക്ക് ഉടൻതന്നെ പരിഹാരം കണ്ടെത്തി നടപടികളും സ്വീകരിക്കുന്നുണ്ട്. നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ അറിയുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
അതേസമയം കേരളത്തിൽ സഞ്ചരിക്കുന്ന ക്യാബിനറ്റുമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന ജനസദസ്സ് ഇന്ന് മലപ്പുറത്ത് എത്തി നിൽക്കുകയാണ്. ജനങ്ങളുടെ പരാതികൾ നേരിട്ട് സ്വീകരിച്ച് പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ചാണ് 'ജനസദസ്സ്' തുടങ്ങിയതെങ്കിലും ഒരു പരാതി പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് സ്വീകരിക്കുന്നില്ല. സദസ്സിൽ ക്രമീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പരാതി സമർപ്പിച്ച് രസീത് കൈപ്പറ്റുക മാത്രമാണ് കഴിയുക. കാസർകോട് മുതൽ ഓരോ നിയോജക മണ്ഡലത്തിൽ എത്തുമ്പോഴും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം കേൾക്കുവാൻ മാത്രമാണ് പരാതിക്കാരുടെ വിധി. സംസ്ഥാനത്ത് സർക്കാരിനെതിരെ ജനവികാരം ശക്തമായതിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായി സർക്കാർ ചെലവിൽ എൽഡിഎഫിന്റെ മുഖം മിനുക്കൽ നടപടികളളാണ് ജനസദസ്സിൽ നടക്കുന്നത്. അഞ്ചുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഉൾപ്പെടെ സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സംഘടിപ്പിക്കുന്ന നവ കേരള ജനസദസ്സ് സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക് ഇരുട്ടടി ആവുകയാണ്.