കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: രേഖകള്‍ ക്രൈംബ്രാഞ്ചിന് നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. ബാങ്കില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടു മാസത്തിനകം രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. രേഖകള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
ബാങ്ക് നടത്തിയ 90 വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട യഥാര്‍ഥ ഫയലുകള്‍ ഫോറന്‍സിക് പരിശോധനക്കുവേണ്ടിയാണ് ക്രൈംബ്രാഞ്ച് തിരികെ ആവശ്യപ്പെട്ടത്. ഫോറന്‍സിക് പരിശോധനക്ക് യഥാര്‍ഥ രേഖകള്‍ നല്‍കിയില്ലെങ്കില്‍ കേസ് റദ്ദാക്കപ്പെടുമെന്നും ഇ.ഡിയുടെ കേസും നിലനില്‍ക്കാത്ത അവസ്ഥയുണ്ടാകുമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
രേഖകള്‍ തിരികെ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇ.ഡിയെ സമീപിച്ചെങ്കിലും അനുകൂലമായല്ല അവര്‍ പ്രതികരിച്ചിരുന്നത്. ഇ.ഡിയില്‍നിന്നു രേഖകള്‍ ആവശ്യപ്പെട്ടു വിചാരണ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഹൈകോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത രേഖകള്‍ നിശ്ചിതസമയത്തിനുള്ളില്‍ ഫോറന്‍സിക് പരിശോധനയടക്കം പൂര്‍ത്തിയാക്കി തിരികെ നല്‍കാമെന്ന് ക്രൈംബ്രാഞ്ചുമായി ധാരണ ഉണ്ടാക്കാമല്ലോ എന്ന് ഹൈകോടതി കോടതി ചൂണ്ടിക്കാട്ടി.
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടെയാണ് ഇ.ഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നാലെ രേഖകള്‍ ഇ.ഡി പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ തങ്ങളുടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെയായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.