For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കെഎഎസ്: പരാജയപ്പെട്ട പരീക്ഷണം; കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ

06:37 PM Nov 19, 2024 IST | Online Desk
കെഎഎസ്  പരാജയപ്പെട്ട പരീക്ഷണം  കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
Advertisement

തിരുവനന്തപുരം: തസ്തികകളുടെ മാറ്റത്തിനും പുതിയ ഡെപ്യൂട്ടേഷൻ തസ്തികകൾ തരപ്പെടുത്തുന്നതിനുള്ള കെഎഎസ് ജീവനക്കാരുടെ ശ്രമത്തിനെതിരെ പ്രമേയം പാസാക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് എൽ ഡി എഫ് സർക്കാരിൻ്റെ പരാജയപ്പെട്ട പരീക്ഷണമാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എംഎസ് ഇർഷാദും ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമനും അഭിപ്രായപ്പെട്ടു.

Advertisement

ഐഎഎസിനേക്കാൾ ഉയർന്ന ശമ്പളം ഉറപ്പു വരുത്തിയിട്ടും സേവനത്തിന് ഗുണപ്രദമായ ഒരു സംഭാവനയും നൽകാൻ കെഎഎസിനായിട്ടില്ല. കേട്ടാൽ കൊള്ളാവുന്നതും ആകർഷകവുമായ തസ്തികകളിൽ മാത്രമേ ജോലി ചെയ്യുകയുള്ളൂ എന്ന താൽപര്യം കെഎഎസുകാർക്ക് ഭൂഷണമല്ല. ഏറ്റെടുക്കുന്ന ജോലി ഭംഗിയായി നിർവഹിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറാൻ കെഎഎസുകാർക്കാവില്ല.പണിക്കൂലി കൂടുതൽപണിക്കുറവോ ധാരാളം. പഴി പണിയായുധത്തിനിരിക്കട്ടെ എന്ന ചിന്താഗതിയാണ് കെഎഎസുകാർക്ക്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുരവസ്ഥ പരിഹരിക്കാൻ മുതിരാതെ അതിൽ നിന്നും ഒളിച്ചോടി എഡിഎം, ആർ ഡി ഒ പോലുള്ള തസ്തികകളിലാവണം തങ്ങളെ പ്രതിഷ്ഠിക്കാൻ എന്ന നിർബന്ധം കെഎഎസുകാർവച്ചു പുലർത്തുന്നത് സാമൂഹിക പ്രതിബദ്ധതയുടെ പേരിലാവില്ല.
ഏറ്റെടുത്തതും നിക്ഷിപ്തവുമായ ചുമതലകൾ കൃത്യമായും ശരിയാംവണ്ണവും നിർവഹിക്കുന്നതിൽ കെഎഎസിൽ പെട്ടവർ വിമുഖരാണ്. തസ്തികകളുടെ വലിപ്പത്തിൻ്റെയും ഗ്ലാമറിൻ്റെയും പുറകെ പോകലല്ല കോടികൾ ചെലവിട്ട് പരിശീലനം നൽകി നിയമിച്ച സർവീസിലുള്ളവരുടെ ദൗത്യം. ഏറ്റെടുത്ത ചുമതലകൾ ഭംഗിയായി നിർവഹിക്കുകയെന്നതാണ് സർക്കാർ ഉദ്യോഗസ്ഥൻ്റെ ചുമതല. എൻഡോസൾഫാൻ സ്പെഷ്യൽ സെൽ, പുഞ്ചകൃഷി ഓഫീസർ, കാർഡമം സെറ്റിൽമെൻ്റ് ഓഫീസർ തുടങ്ങിയ തസ്തികകളൊക്കെ തങ്ങൾക്കനുയോജ്യമായ തസ്തികകളല്ല എന്ന് കരുതുന്ന കെഎഎസുകാർ സുഖലോലുപതയിൽ അഭിരമിക്കുവാനാണോ ലക്ഷ്യമിടുന്നത്.
സ്വന്തം ഇഷ്ടപ്രകാരം കെഎസ്ആർടിസി യിൽ ജനറൽ മാനേജർമാരായി നിയമിക്കപ്പെട്ടവർ കേവലം ആറ് മാസം പോലും ചുമതല നിർവഹിക്കാനാകാതെ ഇട്ടിട്ടുപോയവരാണ് സംസ്ഥാന സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഡെപ്യൂട്ടേഷൻ തസ്തികകൾ പിടിച്ചെടുത്ത് കേന്ദ്ര മാതൃകയിൽ റിസർവ് കേഡർ രൂപികരിക്കാൻ ശ്രമം നടത്തുന്നത്. അതിനായി ക്ലറിക്കൽ ജോലികളോടു പുലർത്തുന്ന പുച്ഛവും അവഗണനയും കെഎഎസിന് എന്നല്ല ആർക്കും ഭൂഷണമല്ല. കഴിവും യോഗ്യതയും ആപേക്ഷികമാണ് . സെക്രട്ടേറിയറ്റ് സർവീസിൽ ഏറ്റവും പരമപ്രധാനമായ അണ്ടർ സെക്രട്ടറി തസ്തികകൾ തന്നെയാണ് കെഎഎസുകാർക്ക് നൽകിയത്. എന്നാൽ അവിടെയൊന്നും തങ്ങളുടെതായ നിർണായകമായ യാതൊരു സംഭാവനയും നൽകാൻ ഇക്കൂട്ടർക്കായിട്ടില്ല.
കെഎഎസ് എന്ന പരീക്ഷണം പരാജയപ്പെട്ട സാഹചര്യത്തിൽ സർക്കാർ ഇക്കാര്യം അവലോകനം ചെയ്ത് പഴയ രീതി പുന:സ്ഥാപിക്കണമെന്ന്
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Tags :
Author Image

Online Desk

View all posts

Advertisement

.