കഞ്ചിക്കോടിനുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു
പാലക്കാട്: കഞ്ചിക്കോട് പന്നിമടക്ക് സമീപം തീവണ്ടിയിടിച്ച് കാട്ടാന ചെരിഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെ തിരുവനന്തപുരം_ചെന്നൈ മെയിൽ ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്. മലമ്പുഴ കഞ്ചിക്കോട് റോഡിൽ അഗസ്റ്റിൻ ടെക്സ്റ്റൈൽസ് കമ്പനിക്ക് സമീപമുള്ള ട്രാക്കിൽ വച്ചായിരുന്നു അപകടം.
ആനക്കൂട്ടം റെയിൽവേ ട്രാക്കിൽ മുറിച്ചുകിടക്കുന്നതിനിടയാണ് ട്രെയിൻ തട്ടിയത്. ട്രെയിൻ അടിച്ചു പരിക്കേറ്റ ആനയ്ക്ക് സമീപമായി മറ്റ് ആനകൾ നിലയുറപ്പിച്ചിരുന്നു. രാത്രി രണ്ടുമണിയോടെയാണ് ആന ചരിഞ്ഞതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്ത ആനയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി വാളയാർ വനംവകുപ്പിന്റെ സ്ഥലത്തേക്ക് മാറ്റി. വൈകാതെ തന്നെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും. അപകടത്തെത്തുടർന്ന് തീവണ്ടി 20 മിനിറ്റിലധികം നിർത്തിയിട്ടു. കാട്ടാനകൾ തമ്പടിച്ചത് കൊണ്ട് മലമ്പുഴ -കഞ്ചിക്കോട് റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തി വിട്ടിരുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാട്ടാന തീവണ്ടിയിടിച്ച് ചെരിഞ്ഞത്. അന്ന് കൊട്ടേക്കാടിന് സമീപം ട്രെയിൻ ഇടിച്ചു പരിക്കേറ്റ ആന ചികിത്സ ഇരിക്കുകയാണ് ചെരിഞ്ഞത്. ഇന്നലത്തെ അപകടത്തിൽ ലോക്കോ പൈലറ്റിനെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുമെന്ന് വനം വകുപ്പ് അറിയിച്ചു. ഈ പാതയിൽ ട്രെയിന് വേഗം നിയന്ത്രണം ഉണ്ടെങ്കിലും അത് ലോക്കോ പൈലറ്റ് പാലിച്ചില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം.