അപ്രതീക്ഷിതമായി വീട്ടില്‍ എത്തി കെസി;അമ്പരപ്പ് മാറാതെ പാര്‍വ്വതി ഗോപകുമാര്‍
ആലപ്പുഴ: അമ്പലപ്പുഴ കോമന അമ്പാടി വീട്ടില്‍ അപ്രതീക്ഷിതമായാണ് കെ.സി. വേണുഗോപാല്‍ എത്തുന്നത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും തന്നെ കാണാനും അഭിനന്ദിക്കാനും നേരിട്ട് എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിനെ പാര്‍വ്വതി ഗോപകുമാറും മുത്തശ്ശിമാരും ഊഷ്മളമായി സ്വീകരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാരായ പാര്‍വ്വതിയുടെ അച്ഛന്‍ ഗോപകുമാറും സ്‌കൂള്‍ അധ്യാപികയായ അമ്മ ശ്രീജയും പ്രവര്‍ത്തി ദിവസമായതിനാല്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഗോപകുമാറിന്റെ അമ്മ രമണിയും ശ്രീജയുടെ അമ്മ രാധാമണിയും കൊച്ചുമകളെ അഭിനന്ദിക്കാനായി കെസി എത്തിയതിന്റെ ആഹ്ലാദത്തില്‍ ആയിരുന്നു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ പാര്‍വ്വതിയെ കെ.സി. പൊന്നാട അണിയിച്ച് ആദരിച്ചു. വാഹനാപകടത്തില്‍ വലംകൈ നഷ്ടപ്പെട്ട പാര്‍വ്വതി ഇടംകൈ കൊണ്ട് പരീക്ഷ എഴുതിയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 282ാം റാങ്ക് നേടിയത്. പരീക്ഷാഫലം വന്ന ഉടന്‍ തന്നെ കെസി ഫോണില്‍ വിളിച്ച് പാര്‍വ്വതിയെ അഭിനന്ദിച്ചിരുന്നു... നേരിട്ട് കാണാമെന്ന് വാക്കും നല്‍കിയിരുന്നു.. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണത്തിരക്കിനിടയില്‍ ഇങ്ങിനെ ഒരു കൂടിക്കാഴ്ച്ച പാര്‍വ്വതിയും പ്രതീക്ഷിച്ചില്ല. ഐഎഎസ് തന്നെ കിട്ടുമെന്നാണ് തന്റെ വിശ്വാസം എന്നും കിട്ടിയില്ലെങ്കില്‍ വീണ്ടും എഴുതുമെന്നും പാര്‍വ്വതി കെ.സിയോട് പറഞ്ഞു. നിശ്ചദാര്‍ഢ്യം കൊണ്ട് ഉയരങ്ങള്‍ കീഴടക്കാന്‍ പാര്‍വ്വതിക്ക് സാധിക്കുമെന്ന് ആശംസിച്ചുകൊണ്ടും ഏറെ നേരം വിശേഷങ്ങള്‍ പങ്കുവെച്ചുമാണ് കെസി വീട്ടില്‍ നിന്ന് ഇറങ്ങിയത്.