കെ.സി വേണുഗോപാൽ പി എ സി ചെയർമാൻ
ന്യൂഡൽഹി: എ ഐ സി സി സംഘടന ജനറൽ സെക്രെട്ടറിയും ആലപ്പുഴ എം പി യുമായ കെ. സി വേണുഗോപാലിനെ 18 ആം ലോക് സഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി.) ചെയർമാനായി നിയമിച്ചു. പാർലമെന്റിന്റെ അഞ്ച് സമിതികളിലേക്കുള്ള അംഗങ്ങളെ ലോക്‌സഭാ സ്പീക്കർ ഓം ബിർള നാമനിർദേശം ചെയ്‌തത്. വിവിധസമിതികളിൽ കേരളത്തിൽനിന്ന് വേണുഗോപാലിനെ കൂടാതെ ലോക്‌സഭാംഗങ്ങളായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ എന്നിവരും രാജ്യസഭാംഗം ഡോ. വി. ശിവദാസനും അംഗങ്ങളാണ്.
2024-25 വർഷത്തെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി), പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം കൈകാര്യംചെയ്യുന്ന സമിതി, എസ്റ്റിമേറ്റ്‌സ് സമിതി, പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി, പട്ടികജാതി-വർഗ ക്ഷേമം ഉറപ്പാക്കുന്ന സമിതി എന്നിവയിലേക്കാണ് അംഗങ്ങളെയും അധ്യക്ഷന്മാരെയും നിയമിച്ചത്. സമിതികളിൽ പ്രധാനപ്പെട്ട പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയർമാനാണ് കെ.സി. വേണുഗോപാൽ. ലോക്‌സഭയിലെ 15, രാജ്യസഭയിലെ ഏഴ് എന്നിങ്ങനെ ചെയർമാനടക്കം 22 അംഗങ്ങളാണ് പി.എ.സി.യിലുള്ളത്.
ലോക്‌സഭയിൽ നിന്ന് ടി.ആർ. ബാലു, ഡോ. നിഷികാന്ത് ദുബൈ, ജഗദംബിക പാൽ, രവിശങ്കർ പ്രസാദ്, എം. ശ്രീനിവാസുലു റെഡ്ഡി, ജയ്‌പ്രകാശ്, സി.എം. രമേഷ്, തേജസ്വി സൂര്യ, പ്രൊഫ. സൗഗത റോയി, അപരാജിതാ സാരംഗി, ബി. വല്ലഭനേനി, ഡോ. അമർ സിങ്, അനുരാഗ് സിങ് ഠാക്കൂർ, ധർമേന്ദ്ര യാദവ് എന്നവരാണ് മറ്റംഗങ്ങൾ. രാജ്യസഭയിൽനിന്ന് തിരുച്ചി ശിവ, എ.എസ്. ചവാൻ, ശക്തിസിങ് ഗോഹിൽ, ഡോ. കെ. ലക്ഷ്മൺ, പ്രഫുൽ പട്ടേൽ, സുഖേന്ദു ശേഖർ റേ, സുധാൻഷു ത്രിവേദി എന്നിവർ അംഗങ്ങളാണ്.
ഓഗസ്റ്റ് 14 മുതൽ 2025 ഏപ്രിൽ 30 വരെയാണ് കാലാവധി. മറ്റു പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമം കൈകാര്യംചെയ്യുന്ന സമിതിയിൽ ലോക്‌സഭയിൽനിന്ന് കെ. സുധാകരനും രാജ്യസഭയിൽനിന്ന് ഡോ. വി. ശിവദാസനും അംഗമാണ്.
എസ്റ്റിമേറ്റ്‌സ് സമിതിയിൽ ലോക്‌സഭയിൽ നിന്ന് എം.കെ. രാഘവൻ അംഗമാണ്. പബ്ലിക് അണ്ടർ ടേക്കിങ്‌സ് കമ്മിറ്റിയിൽ കൊടിക്കുന്നിൽ സുരേഷ്, സുദീപ് ബന്ദോപാധ്യായ, താരിഖ് അൻവർ, കനിമൊഴി എന്നിവരടക്കം 22 അംഗങ്ങളുണ്ട്. ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ ബൈജയന്ത് പാണ്ടയാണ് ചെയർമാൻ. പട്ടികജാതി-വർഗ വിഭാഗത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന സമിതിയിൽ രാജ്യസഭയിൽനിന്ന് ഡോ. വി. ശിവദാസൻ ഉണ്ട്. ബി.ജെ.പി.യുടെ മുതിർന്ന അംഗം ഡോ. ഫഗൻ സിങ് കുലസ്‌തെയാണ് ചെയർമാൻ.