Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കിട്ടുന്നതെല്ലാം ഓട്ടക്കാലണകള്‍; ഗതികിട്ടാത്തവരുടെ പ്രേതഭൂമിയായ് കേരള ബിജെപി!

അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി, പി.സി ജോര്‍ജ്, പത്മജ..
12:26 PM Mar 08, 2024 IST | Veekshanam
Advertisement

*

Advertisement

കോഴിക്കോട്: പല സംസ്ഥാനങ്ങളിലും ജനസ്വാധീനമുള്ള നേതാക്കളെ ചാക്കിട്ട് പിടിക്കാന്‍ കഴിയുമ്പോള്‍ ബിജെപി കേരള ഘടകത്തിന് കിട്ടുന്നതത്രയും ഓട്ടക്കാലണകള്‍! തനിക്കും സമൂഹത്തിനും ഒരുപകാരവുമില്ലാത്തവരെയും പാരമ്പര്യത്തിന്റെ തഴമ്പുമാത്രം കൈമുതലായവരെയും പേറേണ്ടി വരുന്ന ഗതികേടിലാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍. ഇരുട്ടി വെളുക്കുമ്പോള്‍ സ്വന്തം നിലപാട് മാറ്റുന്ന എ.പി അബ്ദുള്ളക്കുട്ടി മുതല്‍ പി.സി ജോര്‍ജ് വരെയുള്ളവരെ ഇങ്ങനെ സ്വീകരിക്കേണ്ടി വന്നതാണ്.
സ്വന്തം കാര്‍ ഡ്രൈവറെപ്പോലും കൂടെ കൊണ്ടുപോകാന്‍ ത്രാണിയില്ലാത്ത അനില്‍ ആന്റണി മുതല്‍ പത്മജ വേണുഗോപാല്‍ വരെയുള്ളവരാണ് മറ്റൊരു കൂട്ടര്‍. ഒറ്റുകാരെ പോലെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി വിലപേശിയ ശേഷം ആര്‍ത്തിപൂണ്ടാണ് ഇവരെല്ലാം ബിജെപിയിലെത്തിയത്. ഗഹനമായ രാഷ്ട്രീയ വിവരമോ പ്രത്യയശാസ്ത്ര പ്രതിബന്ധതയോ ഇല്ലാതെ ഭാഗ്യാന്വേഷികളായ് ബിജെപിയില്‍ ചേക്കേറിയ അനില്‍ ആന്റണിയും പത്മജയും ബിജെപിക്ക് തന്നെ ബാധ്യതയായ് മാറുമെന്നാണ് സംഘപരിവാര്‍ നേതൃത്വത്തിന്റെ അഭിപ്രായം. മോദിയെ വാഴ്ത്തുകയും രാഹുല്‍ഗാന്ധിയെ പഴി പറയുകയും ചെയ്യുക എന്നത് മാത്രമാണ് രാഷ്ട്രീയ പ്രസംഗമെന്ന് കരുതുന്ന അനില്‍ ആന്റണി തനിക്ക് കിട്ടുന്ന വേദികളിലെല്ലാം സ്വയം പരിഹാസ്യനാവുന്നത് പതിവാണ്. യുഡിഎഫിന് ആഴത്തില്‍ വേരൊട്ടമുള്ള മണ്ഡലങ്ങള്‍ കൈവെള്ളയില്‍ വെച്ചു നല്‍കിയിട്ടും തോറ്റമ്പിയ ചരിത്രം മാത്രമുള്ള പത്മജ ബിജെപിയില്‍ ചേര്‍ന്നത്, സാമ്പത്തിക സുരക്ഷിതത്വവും ഇഡി അന്വേഷണത്തെ പ്രതിരോധിക്കാനുമാണെന്നാണ് അവരുമായ് അടുത്തവൃത്തങ്ങളില്‍ നിന്നും അറിയുന്നത്. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാവുമെന്ന ഭീഷണി ദേശീയ നേതൃത്വത്തില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് തിടുക്കത്തിലുള്ള തീരുമാനം ഉണ്ടായത്. അനിലിനെയും പത്മജയെയും ബിജെപിയില്‍ എത്തിക്കാന്‍ ചരടുവലിച്ചത് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കറാണ്. ഇരുവരുടെയും പൈതൃകപ്പേര് കണ്ടിട്ടാണ് പ്രകാശ് ജാവ്‌ദേക്കര്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെങ്കിലും മെമ്പര്‍ഷിപ്പ് കാശ് കിട്ടുമെന്നതല്ലാതെ മറ്റൊരു ഗുണവും ബിജെപിക്ക് ഉണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. തീരുമാനം വന്ന ശേഷം പ്രകാശ് ജാവ്‌ദേക്കറുമായ് സംസാരിച്ച കേരളത്തില്‍ നിന്നുള്ള ആര്‍എസ്എസ് നേതാക്കള്‍ 'രാഷ്ട്രീയചിത്രം' വ്യക്തമായ് വിവരിച്ചെന്നാണ് ലഭ്യമാവുന്ന വിവരം. സമൂഹത്തിനും പ്രസ്ഥാനത്തിനും ഒരു ഗുണവുമില്ലാത്തവരെ ആരവത്തോടെ ആനയിക്കുന്നത് ഭാവിയില്‍ തിരിച്ചടിയാവുമെന്നും സ്വന്തം വീട്ടില്‍പോലും ചലനമുണ്ടാക്കാന്‍ പറ്റാത്തവരാണ് ഇവരെന്നുമാണ് ആര്‍എസ്എസിന്റെ അഭിപ്രായം.
സിപിഎം പാളയത്തില്‍ നിന്നും ചേക്കേറിയ അല്‍ഫോണ്‍സ് കണ്ണന്താനം മുതല്‍ പത്മജ വരെയുള്ള 'ഗതികിട്ടാ പ്രേതങ്ങളെ' പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന് എന്ത് ഗുണമാണുള്ളതെന്നാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ചോദിച്ചത്. ഏതാനും മാസം മുമ്പുവരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ പി.സി ജോര്‍ജിന്റെ കാലുമാറ്റം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. അബ്ദുള്ളക്കുട്ടിമാരുടെ പ്രേതഭൂമിയായ് കേരള ബിജെപി അധ:പതിക്കുന്നുവെന്നും ഇവര്‍ക്ക് വലിയ സ്ഥാനങ്ങള്‍ നല്‍കുന്നത് പരിഹാസ്യമാണെന്നും പരിവാര്‍ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത ബിജെപി പ്രവര്‍ത്തകരെ അവഗണിച്ച്, അടുത്ത കാലത്ത് ബിജെപിക്കാരായ് നിറംമാറിയ സി.രഘുനാഥ്, സംവിധായകന്‍ മേജര്‍ രവി, നടന്‍ ദേവന്‍ എന്നിവര്‍ക്ക് സ്ഥാനം നല്‍കിയിട്ട് എന്ത് രാഷ്ട്രീയ ചലനമാണ് ഉണ്ടാക്കിയതെന്നും അവര്‍ ചോദിക്കുന്നു. അനില്‍ ആന്റണിമാരെ മുന്നില്‍ നിര്‍ത്തിയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ബിജെപിയില്‍ നിന്ന് വലിയ കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന ഭയവും ഒരു വിഭാഗത്തിനുണ്ട്. കഴിഞ്ഞ തവണ 'എ ക്ലാസ്' മണ്ഡലമായ് ബിജെപി പ്രഖ്യാപിക്കുകയും ഇത്തവണ കുമ്മനം രാജശേഖരനോ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയോ സ്ഥാനാര്‍ഥിയായ് വരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്ത പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ കൊണ്ടുവന്നത് പരമ്പരാഗത ബിജെപി കേന്ദ്രങ്ങളില്‍ വലിയ വോട്ടു ചോര്‍ച്ചയ്ക്ക് വഴിവെക്കാനാണ് സാധ്യത. ചുരുക്കത്തില്‍, ആഹ്ലാദത്തോടെ 'മാന്‍ഡ്രേക്ക് പ്രതിമ' സ്വീകരിച്ച് കുടുങ്ങിപ്പോയ അവസ്ഥയിലാണ് കേരള ബിജെപി ഘടകം.

Tags :
featuredkeralaPolitics
Advertisement
Next Article