കേരള കോൺഗ്രസ് പ്രവർത്തകർക്ക് എൽഡിഎഫിൽ തുടരാൻ സാധിക്കുകയില്ല : മാത്യു കുഴലനാടൻ എംഎൽഎ
മൂവാറ്റുപുഴ: കേരളകോൺഗ്രസ് വികാരം ഉൾകൊള്ളുന്ന പ്രവർത്തകർക്ക് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിൽ തുടരാൻ സാധിക്കില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേരള കോൺഗ്രസിലെ ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഇപ്പോഴും മനസ്സ്‌കൊണ്ട് യുഡിഎഫ് അനുഭാവികളായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം മുൻ മണ്ഡലം പ്രസിഡൻ്റ് ഫീലിപ്പോസ് കോലോത്ത്പടവിലിനെയും കേരള കോൺഗ്രസ് പ്രവർത്തകരെയും ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വം നൽകി സ്വീകരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
യുഡിഎഫിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ കെ.എം മാണിയുടെ പൈതൃകം പേറുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എം. നാല് പതിറ്റാണ്ടോളം ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി എൽഡിഎഫിന്റെ കർഷക, ജന വിരുദ്ധ നയങ്ങൾക്കെതിരെയാണ് കേരള കോൺഗ്രസ് നിരന്തരം പോരാടിയത്. കർഷകർക്ക് വേണ്ടി നിരന്തരം സംസാരിക്കുകയും പോരാടുകയും ചെയ്ത കെ.എം മാണിയുടെ പാർട്ടിക്ക് എങ്ങനെയാണ് കർഷക വിരുദ്ധ നയം സ്വീകരിക്കുന്ന എൽഡിഎഫിനൊപ്പം യോജിച്ചു പോകുന്നതിന് സാധിക്കുകയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
രാഷ്ട്രീയമായും വ്യക്തിപരമായും കെ.എം മാണിയെ സിപിഎം വേട്ടയാടി. ഇതുപോലെ മറ്റൊരു നേതാവിനെയും എൽഡിഎഫ് വേട്ടയാടിയിട്ടില്ല. നിയമസഭയിലും പൊതു സ്ഥലങ്ങളിലും അദ്ദേഹത്തെ കായികമായി തടയുന്നതിന് പോലും സിപിഎം മടിച്ചില്ല. അദ്ധേഹത്തിനെതിരെ നിരന്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. ജനാധിപത്യ വിരുദ്ധമായ സമരങ്ങളിലൂടെ സിപിഎമ്മും പോഷക സംഘടനകളും അദ്ദേഹത്തെ ആക്ഷേപിച്ചു. അന്ന് കെ.എം മാണിക്ക് വേണ്ടി ശക്തമായ കവചം തീർത്തത് യുഡിഎഫ്ആണെന്ന് മാത്യു കുഴൽനാടൻ ഓർമ്മിപ്പിച്ചു.
മണ്ഡലം പ്രസിഡൻ്റ് പോൾ ലൂയീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് സുഭാഷ് കടക്കോട്, ജാൻസി മാത്യു,സാബു പൊതൂർ , ജോർജ് മാത്യു ഓരത്തിങ്കൽ, മേരി പീറ്റർ, ഓമന മോഹനൻ, ദീപ്തി സണ്ണി, സുനിത വിനോദ്, ലസിത മോഹനൻ, വിഷ്ണു ബാബു എന്നിവർ സംസാരിച്ചു.