കേരള പൊലീസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഐപിഎസ് സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ദക്ഷിണ മേഖല ഐജി ജി സ്പർജൻ കുമാറിന് സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള ഐജിയുടെ പൂർണ അധിക ചുമതല നൽകി. വിജിലൻസ് ആസ്ഥാനത്തെ ഐജി ഹർഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായി മാറ്റി നിയമിച്ചു. കൊച്ചി സിറ്റി കമ്മീഷണറായ ഐജി എ അക്‌ബറിനെ എറണാകുളം ക്രൈം രണ്ടാം വിഭാഗം ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഐജി എസ് ശ്യാം സുന്ദറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ.
പ്രൊക്യുർമെന്റ് വിഭാഗം അസിസ്റ്റന്റ് ഐജി ടി നാരായണനെ വയനാട് ജില്ലാ പൊലീസ് മേധാവിയായി മാറ്റി നിയമിച്ചു. വയനാട് പൊലീസ് മേധാവിയായിരുന്ന പദം സിങ്ങിനെ പോളിസി വിഭാഗം അസിസ്റ്റന്റ് ഐജിയായി നിയമിച്ചു. പോളിസി വിഭാഗം അസിസ്റ്റന്റ് ഐജിയായിരുന്ന ഡി ശിൽപ്പയാണ് പ്രൊക്യുർമെന്റ് വിഭാഗം അസിസ്റ്റന്റ് ഐജി.
ഡിവൈഎസ്പി റാങ്കിലുള്ള 114 പേർക്കും സ്ഥലം മാറ്റമുണ്ട്. ക്രൈംബ്രാഞ്ച്, വിജിലൻസ്, ഇൻ്റലിജൻസ് തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവർക്കും മാറ്റമുണ്ട്. ഒൻപത് സിഐമാർക്ക് പ്രമോഷൻ നൽകി പുതിയ നിയമനം നൽകിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, കൊല്ലം സിറ്റി, എറണാകുളം റൂറൽ, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ ഭരണവിഭാഗം ചുമതലയുള്ള അഡീഷണൽ എസ്പിമാരെയും മാറ്റിനിയമിച്ചു.