സിപിഎം തിട്ടൂരം നോക്കേണ്ടവരല്ല കേരള പൊലീസ്: ചെന്നിത്തല
ശാസ്താംകോട്ട: ഇന്ത്യയിലെ തന്നെ ഏറ്റവും സമർഥരായ പൊലീസ് സേന ആയിരുന്നു കേരളത്തിലേതെന്നും പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയേറ്റ് കഴിഞ്ഞ ആറു വർഷം കൊണ്ട് ഈ സേനയുടെ ആത്മവീര്യം കെടുത്തി നപുംസകങ്ങളാക്കിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിആർപിസിയും ഐപിസിയും നോക്കി നിമപാലനം ഉറപ്പ് വരുത്തേണ്ടവരാണ് പൊലീസ്. അല്ലാതെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന്റെ തിട്ടൂരം നോക്കേണ്ടവരല്ലെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ദാസിപ്പണി ചെയ്യുന്നവരായി പൊലീസ് അധഃപതിക്കരുത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണ്. കേരളത്തിലെ ഇതുവരെയുള്ള മുഖ്യമന്ത്രിമാരെയെല്ലാം പ്രതിപക്ഷ സംഘടനകൾ കരിങ്കൊടി കാമിച്ചിട്ടുണ്ട്. അന്നൊന്നും പ്രതിഷേധക്കാർ ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടില്ല. പൊലീസിനു പുറമേ ഗൂണ്ടകളെ ഉപയോഗിച്ചാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരെ അടിച്ചൊതുക്കുന്നത്. മുഖം നോക്കാതെ നടപടി എടുക്കേണ്ട പൊലീസ് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരെ തഴുകുകയും യൂത്ത് കോൺഗ്രസ് -കെഎസ്‌യു പ്രവർത്തകരെ തല്ലുകയും ചെയ്യുന്നു. ഈ ഇരട്ട നീതി ഒരിക്കലും അംഗീകരിച്ചുകൊടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഗവർണറും സർക്കാരും തമ്മിൽ നടത്തുന്ന ഇപ്പോഴത്തെ പടലപ്പിണക്കം വെറും രാഷ്‌ട്രീയ തട്ടിപ്പ് മാത്രമാണ്. കേന്ദ്ര സർക്കാർ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയ ഗവർണറെ പുറത്താക്കണമെന്ന് നിയമസഭയിൽ താൻ ആവശ്യപ്പെട്ടപ്പോൾ അതിനെ എതിർത്തവരാണ് സിപിഎം എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അധ്യക്ഷത വഹിച്ചു എം.വി. ശശികുമാർൻ നായർ, കാരുവള്ളി ശശി, പി.കെ. രവി, രവി മൈനാഗപ്പള്ളി, കാഞ്ഞിരവിള അജയകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.