വിദ്യാർത്ഥി പക്ഷ പോരാട്ടങ്ങളുടെ 67 വർഷങ്ങൾ; ഇന്ന് കെ എസ് യു സ്ഥാപക ദിനം
വിദ്യാർത്ഥി പക്ഷ പോരാട്ടങ്ങളുടെ 67 സംവത്സരങ്ങൾ. കേരളത്തിലെ വിദ്യാർത്ഥി മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച കേരള വിദ്യാർഥി യൂണിയൻ പിറവി കൊണ്ടിട്ട് 67 വർഷങ്ങൾ പിന്നിടുകയാണ്. വിദ്യാർത്ഥി സമൂഹം ഇന്ന് അനുഭവിക്കുന്ന സകലമാന അവകാശങ്ങളും നേടിയെടുത്തത് കെഎസ്‌യുവിന്റെ സമാനതകളില്ലാത്ത സമരങ്ങളിലൂടെയായിരുന്നു. വിമോചന സമരത്തിന്റെ ശക്തിയായി മാറി, ഒരണസമരത്തിലൂടെ ഭരണകൂടത്തെ വിറപ്പിച്ച കെഎസ്‌യു കേരളത്തിന്റെ തെരുവീഥികളിൽ ഇന്നും നിലയ്ക്കാത്ത സമരകാഹളമാണ്. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങുന്ന ഒട്ടേറെ മഹാപ്രതിഭകൾ കെ എസ് യുവിന്റെ സംഭാവനകളാണ്. വർഗീയ വിഘടനവാദികളും ഏകാധിപത്യ ശക്തികളും അരങ്ങു വാഴുന്ന വർത്തമാനകാലത്ത് കെഎസ്‌യു ഉറച്ച പ്രതീക്ഷ തന്നെയാണ്.
1957 ൽ ആലപ്പുഴയുടെ മണ്ണിൽ പിറവിയെടുത്ത വിദ്യാർത്ഥി പ്രസ്ഥാനമാണ് കെ.എസ്.യു. ആറ് പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ പാരമ്പര്യം പേറുന്ന മതേതര വിദ്യാർത്ഥി സംഘടന. കേരള വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചപ്പോൾ സ്ഥാപക പ്രസിഡന്‍റായി ജോർജ് തരകനെയും ജനറൽ സെക്രട്ടറിയായി വയലാർ രവിയെയും തെരഞ്ഞെടുത്തു. പിന്നീട് കോൺഗ്രസ് പാർട്ടിയുടെ മുൻനിരയിലെത്തിയ നേതാക്കളെല്ലാം കെ.എസ്.യുവിന്‍റെ ഭാഗമായി കടന്നുവന്നവരാണ്. 1959ൽ ആലപ്പുഴയിൽ ബോട്ട് സർവീസിന്‍റെ ചാർജ് വർധിപ്പിച്ചതിനെതിരെ നടത്തിയ ഒരണ സമരത്തിൽ തുടങ്ങുന്നു കേരള വിദ്യാർത്ഥി യൂണിയന്‍റെ ചരിത്ര പോരാട്ടങ്ങളുടെ കഥ. കേരള ചരിത്രത്തിന്‍റെ ഏടുകളിൽ കുറിച്ചിട്ട വിമോചന സമരത്തിന് നേതൃത്വം നൽകി അന്ന് മുതൽ ഇന്ന് വരെ വിദ്യാർത്ഥി ശബ്ദമായി കെ.എസ്.യു മുന്നിലുണ്ട്.
വി.എസിന്‍റെ ഭരണകാലത്ത് ‘മതമില്ലാത്ത ജീവൻ’ എന്ന പാഠപുസ്തകത്തിലെ മതനിന്ദക്കെതിരെ തെരുവീഥികളിൽ പ്രതിഷേധത്തിന്‍റെ മുദ്രാവാക്യങ്ങൾ ഉയർത്തിയതും കേരള വിദ്യാർത്ഥി യൂണിയനാണ്. സ്വാശ്രയ ഫീസ് വർധനക്കെതിരെ വിദ്യാർത്ഥി ശബ്ദം അധികാരികളിൽ എത്തിച്ച പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രസ്ഥാനത്തിന് പറയാൻ നേട്ടങ്ങളേറെ. കേരളം കണ്ട ഏകാധിപതിയായ മുഖ്യമന്ത്രിക്ക് മുന്നിൽ അടിയറവ് പറയാത്ത പ്രസ്ഥാനം. ഇപ്പോഴും ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് എതിരായ പോരാട്ടം കെഎസ്‌യു കൂടുതൽ ഊർജ്ജത്തോടെ തുടരുകയാണ്.