സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധം ശക്തം; ക്യാമ്പസിലേക്ക് ഇന്ന് കെ.എസ്.യു മാർച്ച്
വയനാട്: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്എഫ്ഐ നേതാക്കളായ പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തുക, ഡീൻ ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി അധികൃതരെ കൂടി പ്രതി പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യുവിന്റെ നേതൃത്വത്തിൽ ഇന്ന് ക്യാമ്പസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലവിൽ നിരാഹാര സമരം പുരോഗമിക്കുകയാണ്. ജില്ലാ പ്രസിഡന്റ് ഗോകുൽദാസിന്റെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാര സമരം അഞ്ചു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സിദ്ധാർത്ഥന്റെ മരണവും എസ്എഫ്ഐയുടെ പങ്കും പുറംലോകത്തേക്ക് എത്തിച്ചത് കെഎസ്‌യുവായിരുന്നു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഉപവാസ സമരവും ഇന്ന് ആരംഭിക്കും.
അതേസമയം, യുവജന-വിദ്യാർത്ഥി-മഹിളാ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള കടുത്ത പ്രതിഷേധത്തിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. പ്രതിഷേധ രീതി ഉൾപ്പെടെ പ്രഖ്യാപിക്കുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് കെഎസ്‌യു, യൂത്ത്കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെ സംയുക്ത വാർത്താസമ്മേളനം നടക്കും. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.