നിറകണ്ണുകളോടെ നാടിന്റെ മക്കളെ ഏറ്റുവാങ്ങി കേരളം
കൊച്ചി: കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
രാഷ്ട്രീയ നേതാക്കളും എംഎല്‍എമാരും ഉള്‍പ്പെടെ നിരവധിപേര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി കിര്‍ത്തി വര്‍ദ്ധന്‍ സിംഗും മൃതദേഹങ്ങളില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ക്ക് മുന്നില്‍ ബന്ധുക്കളുടെ ദുഃഖം അണപൊട്ടി.
കൊച്ചിയിലെത്തിയ വ്യോമസേനാ വിമാനത്തിന്റെ എമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി 11.49ഓടെയാണ് മൃതദേഹങ്ങള്‍ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്. മറ്റുള്ളവരുടെ മൃതദേഹവുമായി വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടും.കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിര്‍ത്തി വദ്ധന്‍ സിംഗും വിമാനത്തിലുണ്ടായിരുന്നു. ആകെ 24 മലയാളികളാണ് മരിച്ചത്. ഇതില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി വര്‍ഷങ്ങളായി മുംബയിലാണ് താമസം. അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ മുംബയിലാണ്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനം നടത്തി. ശേഷം മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. മൃതദേഹവുമായി പോകുന്ന ഓരോ ആംബുലന്‍സിനൊപ്പവും പൊലീസ് പൈലറ്റ് വാഹനമുണ്ട്.45 ഇന്ത്യക്കാര്‍ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അപകട വിവരം അറിഞ്ഞത് മുതല്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യമായ നടപടികള്‍ ആരംഭിച്ചുവെന്ന് മന്ത്രി കെ രാജന്‍ നേരത്തേ പറഞ്ഞിരുന്നു.
എന്‍.ബി.ടി.സി എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായം
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈറ്റ് കമ്പനി എന്‍.ബി.ടി.സി എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശ്രിതര്‍ക്ക് ജോലിയും നല്‍കും. അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പ്രമുഖ വ്യവസായികളായ യൂസഫലി അഞ്ച് ലക്ഷം രൂപയും, രവിപിള്ള രണ്ട് ലക്ഷം രൂപയും വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു.