കേരളത്തിന് അറുപത്തിയെട്ടാം പിറന്നാൾ; കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം, ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം 68-ആം പിറന്നാൾ ആഘോഷിക്കുകയാണ്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒന്നിച്ചു ചേർന്ന് കേരളം രൂപം കൊണ്ടത്. ഇന്ന് കേരളത്തിൽ 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും ഉള്ളത് പ്രധാനമായൊരു നേട്ടമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഒന്നിച്ചൊന്നായി കേരളം എന്ന സംസ്ഥാനം രൂപം കൊണ്ടത്.
1956-ൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനർസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മലബാറിലെ മദ്രാസ് പ്രസിഡൻസിയോടൊപ്പം കൊച്ചി, തിരുവിതാംകൂർ രാജ്യങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കേരളം രൂപീകരിക്കപ്പെട്ടു. ഇതാണ് നവംബർ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിക്കാൻ കാരണമായത്.കേരളം എന്ന പേര് ലഭിച്ചതിന് പിന്നിൽ പല കഥകളും നിലനിൽക്കുന്നുണ്ട്. പരശുരാമൻ എറിഞ്ഞ മഴു അറബിക്കടലിൽ വീണ സ്ഥലത്തെ കേരളമെന്ന് വിളിച്ചെന്ന ഐതിഹ്യവും, തെങ്ങുകളുടെ ധാരാളമായ സാന്നിദ്ധ്യം മൂലം "കേരളം" എന്ന പേര് ലഭിച്ചുവെന്നതും, ചേര രാജ്യത്തിന്റെ അധീനതയിലായിരുന്ന പ്രദേശം "ചേരളം" എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് "കേരളം" ആകുകയും ചെയ്തുവെന്ന രീതിയിലും ഈ പേര് രൂപം കൊണ്ടതായും ചിലർ പറയുന്നു.ലോകമെമ്പാടുമുള്ള മലയാളികൾ ഈ ദിവസം കേരളപ്പിറവി ആഘോഷിക്കുന്നു.