സിൽവർ ജൂബിലി മുഹബ്ബത്തെ റസൂൽ (സ)'24 സമ്മേളനം വ്യാഴം - വെള്ളി ദിവസങ്ങളിൽ : പണ്ഡിതർ എത്തിച്ചേരും !
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ’മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം' എന്ന പ്രമേയത്തിൽ മുഹബ്ബത്തെ റസൂൽ(സ)'24 സമ്മേളനം ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽനൂറ്റാണ്ട്’ എന്ന പ്രമേയത്തിലുള്ള സിൽവർ ജൂബിലി സമാപന സമ്മേളനം അടുത്ത വ്യാഴം - വെള്ളി ദിവസങ്ങളിൽ നടക്കും . സെപ്റ്റംബർ 12,13 വ്യാഴം, വെള്ളി തീയതികളിൽ അബ്ബാസിയ്യ സെൻട്രൽ സ്കൂളിലാണ് ഗംഭീരമായ സുന്നി സമ്മേളനങ്ങൾക്ക് വേദിയാവുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ബഹു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ് കെ എസ് എസ് എഫ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ, അൻവർ മുഹ്‌യിദ്ദീൻ ഹുദവി ആലുവ എന്നിവർ ഈ സമ്മേളനത്തിന് എത്തിച്ചേരും. കുവൈത്തിലെ രാഷ്ട്രീയ സാംസ്കാരിക വാണിജ്യ വ്യക്തിത്വങ്ങളും സംബന്ധിക്കും.
ആദ്യ ദിനത്തിൽ മജ്‌ലിസുന്നൂർ ആത്മീയ മജ്‌ലിസും 'അൽ-മഹബ്ബ 2024' സ്പെഷ്യൽ സുവനീർ പ്രകാശനവും മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനവും നേതാക്കളുടെ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണവും ഉണ്ടായിരിക്കും. 'മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം' എന്ന പ്രമേയത്തിൽ അൻവർ മുഹിയദ്ധീൻ ആലുവ മുഖ്യ പ്രഭാഷണം നടത്തും. രണ്ടാം ദിനത്തിൽ 'പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട്' എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ടര വർഷമായി ജീവകാരുണ്യ മേഖലകളിൽ നടത്തി വരുന്ന ഇരുപത്തിയഞ്ചിന കർമ്മ പദ്ധതികളുടെ സമാപന സമ്മേളനവും ബുർദ മജ്‌ലിസ്, ഗ്രാൻഡ് മൗലൂദും സംഘടിപ്പിക്കും. രണ്ട് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഐതിഹാസികമായ മഹാ സമ്മേളനങ്ങളിൽ നാലായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് സ്വാഗത സംഘ കമ്മിറ്റി നേതാക്കൾ അറിയിച്ചു. കുവൈത്തിൻറെ വിവിധ ഭാഗത്ത് നിന്നും വാഹന സൗകര്യം ഏർപ്പെടുത്തത്തിയിട്ടുണ്ടെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് കെ ഐ സി നേതാക്കൾ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ ഉസ്താത് ശംസുദ്ധീൻ ഫൈസി, പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജന സെക്രട്ടറി ആബിദ് ഫൈസി , മീഡിയ സെക്രട്ടറി മുനീർ പെരുമുഖം , ഇ എസ് അബ്ദുൾറഹ്മാൻ ഹാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.