കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ റാഞ്ചി, അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺ
പ്രത്യേക ലേഖകൻ
കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് കാണാതായത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥൻ പറഞ്ഞു. വെള്ള നിറത്തിലുള്ള ഹോണ്ട അമൈസ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കേരളവും അയൽ നാടുകളും പൊലീസ് അരിച്ചു പെറുക്കുന്നതിനിടെ, കുട്ടിയുടെ അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാത ഫോൺ സന്ദേശവും എത്തി. ഒരു സ്ത്രീയാണ് ഫോണിൽ വിളിച്ചതെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.
ഇന്നലെ വൈകുന്നേരം 4.45നാണ് നാടിനെ നടുക്കിയ സംഭവം. സ്കൂൾ വിട്ട് വീട്ടിലെത്തി, മറ്റൊരിടത്തേക്കു ട്യൂഷനു പോകുകയായിരുന്നു അബിഗേൽ സാറയും മൂത്തസഹോദരൻ ജോനാഥനും. ഇവർക്കു പിന്നാലെ മുത്തശിയും ഉണ്ടായിരുന്നു. എന്നാൽ പൊടുന്നനെ കുട്ടികളുടെ അടുത്തേക്ക് കാർ ഓടിച്ചു വന്നു നിൽക്കുകയായിരുന്നു. കാറിൽ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്ന് ജോനാഥൻ ബന്ധുക്കളോടു പറഞ്ഞു. കാർ നിർത്തിയ ഉടൻ സംഘത്തിലുണ്ടായിരുന്ന ഒരാൾ ഒരു കടലാസ് ജോനാഥനു നേർക്കു നീട്ടിയ ശേഷം അമ്മയ്ക്കു കൊടുക്കണമെന്നു പറഞ്ഞു. എന്നാൽ കുട്ടി കടലാസ് വാങ്ങിയില്ല. ഈ കശപിശയ്ക്കിടയിൽ രണ്ടു പേർ പുറത്തിറങ്ങി അബിഗേലിനെ വലിച്ചിഴച്ചു കാറിലേക്കു കയറ്റി. പിന്നാലെ പാഞ്ഞ ജോനാഥനെ സംഘം അടിച്ചോടിച്ചു. കാർ വളരെപ്പെട്ടെന്നു മുന്നോട്ടെടുക്കുന്നതിനിടെ ജോനാഥനു വീണു പരുക്കേൽക്കുകയും ചെയ്തു.
ജില്ലയിലും അയൽ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പൂയപ്പള്ളി പോലീസ് അറിയിച്ചു. ദേശീയപാതയിലും എംസി റോഡിലും വ്യാപകമായ തെരച്ചിലാണ് നടക്കുന്നത്. അതിനിടെയാണ് രാത്രി ഏഴരയോടെ കുട്ടിയുടെ അമ്മയുടെ മൊബൈൽ ഫോണിലേക്ക് അജ്ഞാത സ്ത്രീയുടെ ഫോൺ കോളെത്തിയത്. കുട്ടിയെ ജീവനോടെ വിട്ടു തരണമെങ്കിൽ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം തരണമെന്നായിരുന്നു സന്ദേശം.
ഈ സന്ദേശം അവർ പൊലീസിനു കൈമാറിയെങ്കിലും വിളിച്ച ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടു പോയവർ തന്നെയാണോ ഫോൺ ചെയ്തതെന്നും അന്വേഷിക്കുന്നുണ്ട്. അതേ സമയം, ഈ ഫോണിന്റെ ലൊക്കേഷൻ സ്ഥിരീകരിച്ചതായി പൊലീസ് സൂചിപ്പിച്ചു.
കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമല്ല. തിരുവനന്തപുരം രജിസ്ട്രേഷനാണെന്ന് പൊലീസ് പറയുന്നു. കാറിന്റെ നമ്പർ വ്യാജമാകാനും സാധ്യതയുണ്ട്. ഈ കാറിന്റെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.