കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു
കൊല്ലം: ഓയൂരിൽ നിന്നും ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വഴിത്തിരിവ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടി പറഞ്ഞ വിവരങ്ങളുടെയും തട്ടിക്കൊണ്ടുപോയ ദിവസം എത്തിയ കടയുടമയും പറഞ്ഞ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.
അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ള മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും അവരാരുമല്ല എന്നാണ് കുട്ടി പറയുന്നത്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. കുട്ടിയെ ആദ്യം തട്ടിക്കൊണ്ടുപോയത് വർക്കല ഭാഗത്തേക്ക് എന്നാണ് സൂചന. ഒന്നിലധികം സ്ത്രീകൾ സംഘത്തിലുണ്ടോയെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പ്രതികൾ മയങ്ങാൻ മരുന്ന് നൽകിയതായും സംശയമുണ്ട്. കൂടുതൽ പരിശോധനകൾക്കായി കുട്ടിയുടെ രക്തവും മൂത്രവും പരിശോധനയ്‌ക്ക് അയച്ചു.