കുട്ടികളെ തട്ടിക്കൊണ്ടു പോകൽ:
വാഹനങ്ങളെക്കുറിച്ച് ജാഗ്രത നൽകി എംവിഡി
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളിൽ ആശങ്ക ഉയർന്നിരിക്കെ ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർവാഹനവകുപ്പ്. നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാർഗ നിർദേശം എന്നപേരിൽ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ്. റോഡിൽ ഏതെങ്കിലും ആളുകളോ വാഹനമോ സംശയം ജനിപ്പിക്കുന്നതായി കുട്ടി നിങ്ങളോട് പറഞ്ഞാൽ അതിനെ നിസ്സാരമായി തള്ളിക്കളയരുതെന്നും കുഞ്ഞുങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള സമയം കണ്ടെത്തണമെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.
എം.വി.ഡിയുടെ നിർദ്ദേശങ്ങൾ: ഏതെങ്കിലും വാഹനം അടുത്തേയ്ക്ക് വന്ന് നിർത്തിയാൽ കഴിവതും അതിനടുത്തേക്ക് പോകാതിരിക്കാൻ കുട്ടികളോട് പറഞ്ഞു കൊടുക്കുക. വാഹനത്തിൽ കളിപ്പാട്ടം അല്ലെങ്കിൽ മിഠായി ഉണ്ടെന്നും അതു നൽകാമെന്നുമൊക്കെ പറഞ്ഞാലും പറയുന്നവർ അപരിചിതരാണെങ്കിൽ പ്രത്യേകിച്ചും ആ വാഹനത്തിൽ കയറരുതെന്നും അടുത്തേക്ക് പോവുക പോലും ചെയ്യരുതെന്നും കുഞ്ഞിനെ ഉപദേശിക്കുക. അഥവാ അപകടം തോന്നിയാൽ സുരക്ഷിതമായ ഇടങ്ങൾ ഏതൊക്കെയാണെന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക. അച്ഛൻ, അമ്മ എന്നിവരെ കൂടാതെ ആരൊക്കെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ആളുകൾ എന്ന് കുട്ടിക്ക് സ്ഥിരമായി പറഞ്ഞു കൊടുക്കുക. ഏതെങ്കിലും വാഹനം പിന്തുടരുന്നു എന്ന് തോന്നിയാൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനും അതിനു ശേഷം അച്ഛനോ അമ്മയോ എത്തുംവരെ അവിടെ കാത്ത് നിൽക്കാനും നിർദ്ദേശിക്കുക. ആരെങ്കിലും ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയാൽ ഉറക്കെ കരയാൻ പഠിപ്പിക്കുക. ആവശ്യമെങ്കിൽ ഇത് ചെയ്യാൻ പ്രാക്ടീസ് നൽകുക. പൊതുവെ സ്വന്തം അഡ്രസ്സും ഫോൺ നമ്പറും പറയാനറിയാത്ത ദുർബലരെന്ന് തോന്നുന്ന കുട്ടികളെയാണ് ഇത്തരം ക്രിമിനൽ സംഘങ്ങൾ നോട്ടമിടാറുള്ളത്. അതിനാൽ കുട്ടികളെ ആത്മവിശ്വാസത്തോടെ റോഡ് ഉപയോഗിക്കാൻ പഠിപ്പിക്കുക. അപകടസാഹചര്യങ്ങളിൽ ശ്രദ്ധയാകർഷിക്കാൻ വിസിൽമുഴക്കാൻ കുട്ടിയെ ഉപദേശിക്കുകയും, സ്ക്കൂൾ ബാഗിന്റെ വലതുവശത്ത് ഒരു നാടയിൽ വിസിൽ കോർത്തിടാവുന്നതും ആണ്. പരിചയമില്ലാത്ത വാഹനങ്ങളിൽ ലിഫ്റ്റ് ആവശ്യപ്പെടുന്ന ശീലം പൂർണ്ണമായും ഉപേക്ഷിക്കാൻ പറയുക.