'മതമല്ല,മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക'; ശൈലജയ്ക്ക് സന്ദേശവുമായി കെ കെ രമ
വടകര: വടകര എൽഡിഎഫ് സ്ഥാനാർഥി കെ ശൈലജയ്ക്ക് സന്ദേശവുമായി എംഎൽഎയും ആർഎംപി നേതാവുമായ കെ കെ രമ. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ഉൾപ്പെടെ പരാമർശിച്ചുകൊണ്ടാണ് കെ കെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്. മതമല്ല,മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന സന്ദേശവും കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ചിരി മായാതെ മടങ്ങൂ ടീച്ചർ..
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്... ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ❤️..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്. മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്...രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം...വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ ഇന്നാട് ബാക്കിയുണ്ട്..
സ്വന്തം, കെ.കെ.രമ