കെ എല്‍ രാഹുല്‍ വിദഗ്ധ പരിശോധനക്കായി താരം ലണ്ടനിലേക്ക്
ഇന്ത്യന്‍ സൂപ്പര്‍താരം കെ.എല്‍. രാഹുല്‍ പരിക്കുമാറി ടീമിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. വിദഗ്ധ പരിശോധനക്കായി താരം ലണ്ടനിലേക്ക് പോയിരിക്കുകയാണ്. ഇതോടെ ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലാണ്.
ഹൈദരാബാദിലെ ആദ്യ ടെസ്റ്റിനുശേഷമാണ് താരത്തെ പരിക്ക് അലട്ടാന്‍ തുടങ്ങിയത്. തുടര്‍ന്ന് വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ താരത്തെ കളിപ്പിച്ചില്ല. ഇതിനിടെ 90 ശതമാനം ഫിറ്റ്‌നസ് താരം വീണ്ടെടുത്തതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ മൂന്ന്, നാല് ടെസ്റ്റുകളിലും താരത്തിന് കളിക്കാനായില്ല. ധരംശാലയില്‍ മാര്‍ച്ച് ഏഴിന് അഞ്ചാം ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ് താരം വിദഗ്ധ പരിശോധനക്കായി ലണ്ടനിലേക്ക് പോയത്.
കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയ നടന്ന കാലില്‍ തന്നെയാണ് ഇപ്പോഴും പരിക്ക് അലട്ടുന്നത്. ഇന്ത്യ ഇതിനകം പരമ്പര 3-1ന് സ്വന്തമാക്കിയതിനാല്‍ താരത്തെ തിരക്കിട്ട് കളിപ്പിക്കേണ്ടതില്ലെന്നും ട്വന്റി20 ലോകകപ്പ് കൂടി കണക്കിലെടുത്ത് പരിക്കില്‍നിന്ന് മോചിതനാകാന്‍ കൂടുതല്‍ സമയം അനുവദിക്കാനുമാണ് സെലക്ടര്‍മാരുടെ തീരുമാനം. ടെസ്റ്റില്‍ ബാസ്ബാള്‍ നടപ്പാക്കിയശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഒരു പരമ്പര തോല്‍ക്കുന്നത്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതില്‍ ഇംഗ്ലണ്ട് ലജ്ജിക്കേണ്ടതില്ലെന്നാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍ പ്രതികരിച്ചത്. രോഹിത് ശര്‍മയും സംഘവും അര്‍ഹിച്ച വിജയമാണ് നേടിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. റാഞ്ചിയില്‍ അഞ്ചു വിക്കറ്റിന്റെ ജയവുമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.