കെഎംസിസി 'തംകീൻ' മഹാസമ്മേളനം നവംബർ 22ന് വെള്ളിയാഴ്ച
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി തംകീൻ മഹാസമ്മേളനം നവംബർ 22ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ മർഹൂം ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറി കെ.എം ഷാജി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും. മൂന്നാമത് 'ഇ. അഹമ്മദ് എക്സലൻസി അവാർഡിന് അർഹനായ എം.എ ഹൈദർ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എസ്.എം ഹൈദരലിക്ക് അവാർഡ് നൽകും. 'തംകീൻ' അഥവാ 'ശാക്തീകാരണം' എന്ന സമ്മേളനപ്രമേയത്തെ അടിസ്ഥാനപെടുത്തി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ കുവൈത്ത് കെഎംസിസി അംഗങ്ങളെയും പ്രവാസികളെയും ശാക്തീകരിക്കാൻ ആവശ്യമായ ചർച്ചകളും പദ്ധതികളും നടപ്പിൽ വരുത്തുക എന്നതാണ് സമ്മേളനം ലക്ഷ്യം വെക്കുന്നത്. മുസ്ലിം ലീഗ് നേതാക്കളുടെ കുവൈത്തിലേക്കുള്ള വരവ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. സമ്മേളനം വൻവിജയമാക്കുന്നതിനു വേണ്ടി വിപുലമായ സ്വാഗത സംഘം പ്രവർത്തിച്ചു വരുന്നു. അസംബ്ലി മണ്ഡലം അടിസ്ഥാനത്തിലുള്ള കമ്മിറ്റികളുടെ പ്രചാരണ സമ്മേളനങ്ങളും നടന്നു വരുന്നു.
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി കുവൈത്തിലെ പ്രവാസി പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുകയുംമുസ്ലിം ലീഗിന്റെ രാഷ്ട്രീയധാരയിലേക്ക് പ്രവാസികളെ ആകര്ഷിക്കുകയുമാണ് കെഎംസിസിയുടെ ലക്ഷ്യം വെക്കുന്നത്. മുൻകാലങ്ങളിൽ കുവൈത്ത് കെഎംസിസി നടപ്പിൽ വരുത്തിയിരുന്ന പല മുൻകാല പദ്ധതികളും തിരിച്ചുകൊണ്ടുവരാനും സോഷ്യൽ സെക്യൂരിറ്റി സ്കീംമിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരാനും കെഎംസിസി ഉദ്ദേശിക്കുന്നുണ്ട്. തംകീൻ മഹാസമ്മേളനംതോടനുബന്ധിച്ച് ഫർവാനിയ ചെഫ് നൗഷാദ് റെസ്റ്റാരന്റിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ജനറൽ സെക്രട്ടറി മുസ്തഫ കാരി ട്രഷറർ ഹാരിസ് വള്ളിയോത്ത് ഓർഗനൈസിംഗ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ മീഡിയ ചാർജുള്ള വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി എന്നിവർ പങ്കെടുത്തു.