കൊടകര കുഴല്‍പ്പണം: അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കത്തയച്ചിട്ടും അനങ്ങാതെ ഇ ഡി
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിലെ ഹവാല ഇടപാടില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കത്തയച്ചിട്ടും മൂന്ന് വര്‍ഷത്തിലേറെയായി അനങ്ങാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ കത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമീഷണര്‍ വി.കെ രാജുവാണ് കത്തയച്ചത്.
ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് 2021 ആഗസ്റ്റ് എട്ടിനാണ് കത്തയച്ചത്. എന്നാല്‍, മൂന്ന് വര്‍ഷമായിട്ടും കത്തില്‍ തുടര്‍ നടപടികളൊന്നും ഇ.ഡി സ്വീകരിച്ചിട്ടില്ല. കര്‍ണാടകയില്‍ നിന്നും 41 കോടി രൂപയാണ് ഹവാല പണമായി തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് എത്തിയതെന്ന് സംസ്ഥാന പൊലീസ് ഇ.ഡിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് കുഴല്‍പണമെത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം, ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് വൈകാതെ ഉത്തരവുണ്ടാവും. കേസില്‍ മുമ്പ് അന്വേഷണം നടത്തിയ വി.കെ രാജു തന്നെയാണ് തുടരന്വേഷണവും നടത്തുക.
ഇതിന്റെ ആദ്യപടിയായി അന്വേഷണം സംഘം തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കുമെന്നാണ് സൂചന. ഇതിന് ശേഷം തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി സമര്‍പ്പിക്കും. പുതിയ വിവരങ്ങള്‍ ഉള്‍പ്പടെ ചേര്‍ത്താണ് കോടതിയില്‍ ഹരജി സമര്‍പ്പിക്കുക.