കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിനായി ജനാധിപത്യ മതിൽ തീർത്ത് യൂത്ത്കോൺഗ്രസ്
ശൂരനാട്: നാട് തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. എല്ലാം മുന്നണികളും സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാണ്. മാവേലിക്കരയിൽ ഈ തവണയും ജന മനസ്സുകൾ ഒന്നടങ്കം അവരുടെ പ്രിയ എംപിയായി കൊടിക്കുന്നിൽ സുരേഷിനെ തന്നെയാണ് കാണുന്നത്. പ്രചാരണം ആദ്യഘട്ടം പിന്നിടുമ്പോൾ കൊടിക്കുന്നിൽ സുരേഷ് ഏറെ മുന്നിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണം വ്യത്യസ്തതകൾ നിറഞ്ഞ ഒന്ന് കൂടിയാണ്. ഇപ്പോഴിതാ അത്തരത്തിൽ വ്യത്യസ്തമായി മാറിയിരിക്കുകയാണ് ഒരു മതിൽ. ശൂരനാട് യുഡിവൈഎഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ മതിലാണ് ഇത്തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലാകുന്നത്. ഇന്ത്യ നേരിടുന്ന ഇന്നിന്റെ എല്ലാ വെല്ലുവിളികളും രാഷ്ട്ര നിർമ്മിതിയിലും മുന്നോട്ടുപോക്കിലും നിർണായക ഘടകമായ ഭരണഘടനയും ആശയധാരകളും ഉൾപ്പെടുത്തിയാണ് ജനാധിപത്യ മതിൽ നിർമ്മിച്ചിരിക്കുന്നത്. രാഷ്ട്രത്തിനു വേണ്ടി പോരാടി മൺമറഞ്ഞു പോയ ധീര ദേശാഭിമാനികളുടെ ചിത്രങ്ങളും ഭരണഘടനയും സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ മുന്നേറ്റങ്ങളുമെല്ലാം ആലേഖനം ചെയ്തിട്ടുണ്ട്. യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജിന്റെ നേതൃത്വത്തിലാണ് ജനാധിപത്യ മതിൽ തീർത്തതും തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചതും.