ഐപിഎല്ലിലും കോഹ്ലി കളിക്കില്ല: ആരാധകന്റെ ചോദ്യത്തിന് ഗവാസക്കറിന്റെ മറുപടി
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി വിട്ടുനില്‍ക്കുന്നത്. ടീമില്‍നിന്ന് കോഹ്ലി പെട്ടെന്ന് അവധിയെടുത്തതിന്റെ കാരണം ബി.സി.സി.ഐയും വെളിപ്പെടുത്തിയിരുന്നില്ല.
ആരാധകര്‍ക്കിടയില്‍ ഇത് പലവിധ അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഇതിനിടെയാണ് കോഹ്ലിയും അനുഷ്‌ക ശര്‍മയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തുന്നത്. പിന്നാലെ ഡിവില്ലിയേഴ്‌സ് ഇക്കാര്യം പിന്‍വലിച്ചെങ്കിലും ആ വാര്‍ത്ത ശരിയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം തങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്ന കാര്യം കോഹ്ലി തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ലണ്ടനിലെ ആശുപത്രിയിലാണ് അനുഷ്‌ക രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ദമ്പതികള്‍ ഇപ്പോഴും ലണ്ടനില്‍തന്നെയാണ്. ഇതിനിടെയാണ് കോഹ്ലി ഐ.പി.എല്ലിലും കളിക്കില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറുടെ പരാമര്‍ശമാണ് അഭ്യൂഹം ശക്തമാക്കിയത്. മാര്‍ച്ച് 22ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരം.
'കളിക്കുമോ… വ്യക്തിപരമായ കാരണങ്ങളാല്‍ കോഹ്ലി കളിക്കുന്നില്ല, ഒരുപക്ഷേ ഐ.പി.എല്ലിലും കളിച്ചേക്കില്ല' -ഗവാസ്‌കര്‍ പറഞ്ഞു. നീണ്ട ഇടവേളക്കുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന കോഹ്ലി ഐ.പി.എല്ലില്‍ റണ്‍സ് അടിച്ചുകൂട്ടുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഗവാസ്‌കര്‍ ഇങ്ങനെ പ്രതികരിച്ചത്. റാഞ്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു ഗവാസ്‌കര്‍.ഈ ഐ.പി.എല്ലിലെ സൂപ്പര്‍താരം രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.
റാഞ്ചിയില്‍ നടന്ന കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ഇന്നിങ്‌സിലെ 90 റണ്‍സും രണ്ടാം ഇന്നിങ്‌സിലെ 39 റണ്‍സ് നോട്ടൗട്ട് പ്രകടനവുമാണ് ഇന്ത്യക്ക് നാലാം ടെസ്റ്റില്‍ ജയവും പരമ്പരയും സമ്മാനിച്ചത്.