കോട്ടയം സീറ്റ് കേരളാ കോൺഗ്രസിന്; നാളെത്തെ
ഇടതുമുന്നണി യോഗത്തിൽ തീരുമാനമായേക്കും
തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് -എമ്മിന് കോട്ടയം സീറ്റ് നൽകുന്ന കാര്യത്തിൽ നാളെത്തെ ഇടതുമുന്നണി യോഗത്തിൽ തീരുമാനമാകും. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവനായിരുന്നു സ്ഥാനാർത്ഥി. ഇത്തവണ കേരളാ കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് എത്തിയ പശ്ചാത്തലത്തിൽ അവർക്ക് തന്നെ സീറ്റ് നൽകാനാണ് തീരുമാനം. അതേസമയം, 15 സീറ്റുകളിൽ സിപിഎം മൽസരിക്കും. നാല് സീറ്റ് സിപിഐയ്ക്കും നൽകും. എം സ്വരാജ്, ഡോ. തോമസ് ഐസക്ക്, കെ.കെ ശൈലജ, എ.കെ ബാലൻ എന്നിവരെ രംഗത്തിറക്കാനുള്ള ആലോചനകൾ സിപിഎമ്മിൽ നടക്കുന്നുണ്ട്. ഇതു സംബന്ധിച്ചുള്ള ചർച്ചകൾക്കായി സിപിഎം നേതൃയോഗങ്ങൾ ഇന്നുമുതൽ തിങ്കളാഴ്ചവരെ നടക്കും. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഈ സീറ്റുകൾ മാറാൻ സാധ്യതയില്ല. ലോക്സഭാ സീറ്റ് ചർച്ചകൾ നടത്താൻ സിപിഐയുടെ നേതൃയോഗങ്ങൾ ഇന്നലെ ആരംഭിച്ചു.
സിപിഐയ്ക്ക് തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താനായിട്ടില്ല. പന്ന്യൻ രവീന്ദ്രൻ മത്സരിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും തെരഞ്ഞെടുപ്പ് രംഗത്തേക്ക് താനില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്ന പ്രസ്താവനയുമായി അദ്ദേഹം രംഗത്തുവന്നിട്ടുണ്ട്. മാവേലിക്കരയിൽ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അരുൺകുമാറും വയനാട്ടിൽ സിപിഐ ദേശീയ നിർവാഹ സമിതി അംഗം ആനി രാജയും തൃശൂരിൽ വി.എസ് സുനിൽകുമാറും മത്സരിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ 19 എണ്ണത്തിലും യുഡിഎഫാണ് വിജയിച്ചത്. ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫിനു വിജയിക്കാനായത്.