'ജനസദസല്ല, ഗുണ്ടാ സദസ്സ്'; രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി
കണ്ണൂർ: നവകേരളയാത്രയുടെ ജനസദസിന്
ഗുണ്ടാ സദസെന്നാണ് പേരിടേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ഇന്നലെ പഴയങ്ങാടിയിൽ ഉൾപ്പടെ ഇതാണ് കണ്ടത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ ഈ സംരക്ഷണം നമുക്കും ജനങ്ങൾക്കും വേണ്ടെന്നും കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തുന്ന ഈ ഗുണ്ടാസദസ് നാടിന് ആവശ്യമില്ലെന്നും കെപിസിസി പ്രസിഡന്റ് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നവകേരള സദസിനെ ജനം വിലയിരുത്തി കഴിഞ്ഞെന്നും പല ഭാഗങ്ങളിൽ നിന്നും ഗുണ്ടകളാണ് ഈ പരിപാടിക്ക് വന്നതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷാ സേന എവിടെനിന്നു വന്നവരാണ്. ആരാണ് ഇവർ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ ഗുണ്ടകളെ കൊണ്ടു നടക്കുന്ന യാത്ര കേരളത്തിന് അപമാനമാണ്. നെറികെട്ട ലജ്ജാകരമായ വിശദീകരണമാണ് മുഖ്യമന്ത്രി നടത്തിയതെന്നും കെ. സുധാകരൻ എംപി പറഞ്ഞു.
സർക്കാർ പരിപാടി തടയാൻ എന്ത് ആസൂത്രിത ശ്രമമാണ് നടത്തിയത് എന്ന് വ്യക്തമാക്കണമെന്ന് കെ. സുധാകരൻ എംപി പറഞ്ഞു. ഈ സദസിൽ മന്ത്രിമാർക്ക് എന്താണ് ജോലിയെന്നും അവർ പറയണം. ജനസദസ് കൊണ്ട് ജനങ്ങൾക്ക് ഗുണം ഉണ്ടാവില്ല. ജനസദസിനെ കുറിച്ച് വിശദീകരിച്ചത് എം.വി. ജയരാജനാണ്. സാധാരണ സർക്കാർ പരിപാടി ജില്ലാ കളക്ടർ ആണ് വിശദീകരിക്കാറ്. ഗുണ്ടകളുടെ കൈയിലാണ് ഈ പാർട്ടിയും ഭരണവുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിന്റെ പിന്നാലെ സിപിഎം നടക്കുന്നത് ആടിന്റെ പിന്നാലെ പട്ടി നടക്കുന്നത് പോലെയാണെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, എൻ. സുബ്രഹ്മണ്യൻ, പി.എം. നിയാസ്, വി.പി. അബ്ദുൾ റഷീദ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.