Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെപിസിസി 'സമരാഗ്നി' ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്ന് കാസർ​ഗോട്ടു നിന്നു തുടക്കം

11:41 AM Feb 09, 2024 IST | Veekshanam
Advertisement

കാസർ​ഗോഡ്: കേന്ദ്ര- സംസ്ഥാന സർക്കാരുകളെ കുറ്റവിചാരണ ചെയ്യുന്ന കെപിസിസിയുടെ 'സമരാഗ്നി' ജനകീയ പ്രക്ഷോഭയാത്ര ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നയിക്കുന്ന ജാഥ 29 ന് തിരുവനന്തപുരത്ത് സമാപിക്കും. 15 ലക്ഷത്തോളം കോൺ​ഗ്രസ് പ്രവർത്തകർ അണിനിരക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ഇന്ന് വൈകുന്നേരം 4ന് കാസർഗോഡ് മുനിസിപ്പൽ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന സമരാഗ്‌നിയുടെ ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി നിർവ്വഹിക്കും. കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കൺവീനർ എംഎം ഹസൻ, കെപിസിസി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ, കെപിസിസി ഭാരവാഹികൾ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ,എംപിമാർ,എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
പതിനാല് ജില്ലകളിലും പര്യടനം നടത്തുന്ന സമരാഗ്നിയിൽ മുപ്പത്തിലധികം മഹാസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്.
കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈൻ ഡ്രൈവിലും തൃശൂർ തേക്കിൻകാട് മൈതാനത്തും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തും ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങൾ സംഘടിപ്പിക്കും. മഹാസമ്മേളനങ്ങളിൽ പതിനഞ്ച് ലക്ഷത്തോളം പ്രവർത്തകരെ അണിനിരത്തും. തിരുവനന്തപുരം, എറണാകുളം,പാലക്കാട്,മലപ്പുറം,ഇടുക്കി ജില്ലകളിൽ മൂന്ന് വീതവും കണ്ണൂർ,കോഴിക്കോട്,തൃശൂർ,കോട്ടയം,ആലപ്പുഴ,കൊല്ലം എന്നിവിടങ്ങളിൽ രണ്ടുവീതവും കാസർഗോഡ്,വയനാട്,പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഭൂരിഭാഗം ദിവസവും വെെകുന്നേരങ്ങളിലാണ് പൊതുസമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മൂന്നാഴ്ച നീളുന്ന സമരാഗ്‌നിയുടെ സമാപനസമ്മേളനത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ, പ്രിയങ്കാ ഗാന്ധിയോ പങ്കെടുപ്പിക്കാനാണ് ആലോചന. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണം സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനെതിരായ ജനകീയ പോരാട്ടം കൂടിയാകും സമരാഗ്‌നി. കേവലം രാഷ്ട്രീയ പ്രചരണ ജാഥ എന്നതിനപ്പുറം സാധാരണ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്തും അവരുടെ ജീവിതത്തെ സ്പർശിച്ചുമായിരിക്കും യാത്ര കടന്നു പോകുന്നത്.
എല്ലാ ദിവസവും രാവിലെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കഷ്ടതകൾ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ജനകീയ സദസ്സ് സംഘടിപ്പിക്കും. രാവിലെ 10 മുതൽ 12 മണി വരെയാണ് ജനകീയ ചർച്ചാ സദസ്. പിണറായി വിജയന്റെ ജനസദസ്സ് ബാർ -ക്വാറി മാഫിയകളുടെ സംഭാവന സ്വീകരിച്ച് നടത്തിയതാണ്.
കർഷകർ, തൊഴിലാളികൾ,യുവജനങ്ങൾ, സ്ത്രീകൾ, ജനകീയ സമരങ്ങളിൽ പങ്കെടുത്തവർ, കലാസാഹിത്യരംഗത്തെ പ്രമുഖർ, പോലീസിന്റെയും മാഫിയകളുടെയും അക്രമത്തിനിരായവർ, ദുരിതമനുഭവിക്കുന്ന പ്രവാസികൾ, ലൈഫ് ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതിയിൽനിന്നും തഴയപ്പെട്ടവർ,സാമൂഹികക്ഷേമ പെൻഷൻ കിട്ടാത്തവർ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളിൽനിന്നും പരാതികൾ കേൾക്കും. അത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും. അതിൽ നടപടി സ്വീകരിക്കാൻ തുടർച്ചയായി സമ്മർദ്ദം ചെലുത്തും.
12 മണിക്ക് ശേഷം കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും വാർത്താസമ്മേളനം. ജനകീയ ചർച്ച സദസിന്റെ ക്രമീകരണങ്ങൾക്കും മേൽനോട്ടങ്ങൾക്കുമായി കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ചെയർമാനും സജി ജോസഫ് എംഎൽഎ കൺവീനറുമായിട്ടുള്ള സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ടി സിദ്ദിഖ് എംഎൽഎയാണ് ചീഫ് കോഓർഡിനേറ്റർ.

Advertisement

സമരാഗ്‌നി ഘോഷയാത്രയും പൊതുസമ്മേളന പരിപാടികളും ജനകീയ ചർച്ചാ സദസും ഉൾപ്പെടെ എല്ലാ പരിപാടികളും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും നടപ്പാക്കുന്നത്. അതിനായി സേവാദളിന്റെയും പോഷക സംഘടനകളുടെയും വോളണ്ടിയർമാരെ പ്രത്യേകമായി നിയോഗിക്കും.

Advertisement
Next Article