ക്ഷാമബത്ത: ജീവനക്കാരെ വഞ്ചിച്ച സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നേരിടുമെന്ന് ചവറ ജയകുമാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3% ക്ഷാമബത്ത അനുവദിച്ചുകൊണ്ട് 26.10.2024 ന് ഇറക്കിയ ഉത്തരവിനെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോടതിയെ സമീപിക്കുമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അറിയിച്ചു.
22% ക്ഷാമബത്തയാണ് നിലവില്‍ കുടിശ്ശിക ഉണ്ടായിരുന്നത്. അതില്‍ 3% അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കുടിശ്ശികയുള്ള ഏതു ഗഡുവാണ് അനുവദിച്ചതെന്നോ കുടിശ്ശികയെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ലായെന്നത് ജീവനക്കാരോട് സര്‍ക്കാര്‍ കാണിച്ചു വരുന്ന വഞ്ചനയുടെ തുടര്‍ച്ചയാണ്. കാലയളവ് വ്യക്തമാക്കിയാല്‍ കുടിശ്ശിക തരാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ അത് മൂടി വച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
2021 ജനുവരി 1 ന് ലഭ്യമാകേണ്ട 2% ക്ഷാമബത്ത അനുവദിച്ചു കൊണ്ട് 2024 ഏപ്രില്‍ മാസത്തില്‍ പുറപ്പെടുവിച്ച 39 മാസം കുടിശ്ശിക ഇല്ലാതാക്കിയുള്ള ഉത്തരവിന്റെ പിന്‍പിടിച്ചാണ് സമാന രീതിയിലുള്ള ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഈ ഉത്തരവിലൂടെ 01.07.2021 -ന് പ്രാബല്യത്തില്‍ വരേണ്ട മൂന്ന് ശതമാനമാണ് അനുവദിച്ചിട്ടുള്ളതെങ്കില്‍ 40 മാസത്തെ കുടിശ്ശികയാണ് ആവിയായിപ്പോകുന്നത്. ഉത്തരവ് നടപ്പില്‍ വരുന്നതിലൂടെ ജീവനക്കാര്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കടക്കം 27600/ രൂപ മുതല്‍ 168600/ രൂപ വരെ നഷ്ടപ്പെടുന്നു.
ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജീവനക്കാരെ കബളിപ്പിക്കുന്നതിന് മാത്രമാണ് ഈ ക്ഷാമബത്ത പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ജീവനക്കാര്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡു ഡി.എ അനുവദിക്കുമെന്ന് ചട്ടം 300 അനുസരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലടക്കം സര്‍ക്കാര്‍ ജീവനക്കാരുടെ തപാല്‍ വോട്ടുകളില്‍ ഉണ്ടായ ഗണ്യമായ വോട്ടു ചോര്‍ച്ച സര്‍ക്കാരിനെ വലിയ തോതില്‍ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് ഉപതിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് മൂന്നു മാസങ്ങള്‍ക്കു ശേഷം ഒരു ഗഡു അനുവദിച്ചത്.വര്‍ഷത്തില്‍ രണ്ട് ഗഡു ക്ഷാമബത്തയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കേന്ദ്രത്തില്‍ പ്രഖ്യാപിച്ചാല്‍ ഉടന്‍തന്നെ സംസ്ഥാനത്തും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷാമബത്ത കൃത്യമായി നല്‍കി വന്നിട്ടുണ്ട്. ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എന്‍ജിഒ അസോസിയേഷന്‍ കോടതിയെ സമീപിച്ചപ്പോള്‍ ക്ഷാമബത്ത പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ കുടിശ്ശികയില്ലെന്ന് പരിഹാസരൂപേണ കോടതിയില്‍ നിലപാടെടുത്ത സര്‍ക്കാര്‍ 2021 ജനുവരി മുതലുള്ള 39 മാസത്തെയും ഇപ്പോള്‍ നഷ്ടപ്പെടുത്തിയ 40 മാസത്തേയും കുടിശ്ശിക അനുവദിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ അതിശക്തമായ പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും കൂടാതെ നിയമപരമായി നേരിടുന്നതിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.