കെഎസ്‌ഐഡിസി ഹൈക്കോടതിയില്‍: എസ്എഫ്‌ഐഒ അന്വേഷണത്തെ എന്തിനു ഭയക്കണമെന്നു കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി ഹൈക്കോടതിയില്‍. കെഎസ്‌ഐഡിസിയിലെ എസ്എഫ്‌ഐഒ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. കേസ് 12ന് വീണ്ടും പരിഗണിക്കും. ഓര്‍ഡര്‍ ഒന്നും തരാതെയാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
കെഎസ്‌ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകള്‍ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ എന്ന് ചോദിച്ച കോടതി എന്താണ് ഒളിച്ചു വെക്കാനുള്ളതെന്നും കെഎസ്‌ഐഡിസിയോട് ചോദിച്ചു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിയ്ക്കാനില്ലെങ്കില്‍ പിന്നെന്തിന് ഭയക്കണമെന്ന് കെ.എസ്.ഐ.ഡി സിയോട് കോടതി ചോദിച്ചു. എന്നാല്‍ നാളെയും മറ്റന്നാളും പരിശോധനയുണ്ടെന്നാണറിവെന്നായിരുന്നു കെ.എസ്.ഐ.ഡി.സിയുടെ മറുപടി. ഹര്‍ജി തള്ളിയ കോടതി 12ന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി കോര്‍പ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്. അല്‍പ്പസമയം മുമ്പാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആര്‍എല്ലില്‍ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം സിഎംആര്‍എല്‍ കമ്പനിയുടെ ആലുവ കോര്‍പറേറ്റ് ഓഫീസിലാണ് പരിശോധന നടന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ഇവിടേയും പരിശോധന.