ഐടിഐ തെരഞ്ഞെടുപ്പിലും കെ.എസ്.യു മുന്നേറ്റം
തിരുവനന്തപുരം: കണ്ണൂർ, എംജി, കാലിക്കറ്റ്, കേരള, പോളിടെക്നിക്ക് കോളേജ് യൂണിയനുകളിൽ നടത്തിയ ചരിത്ര മുന്നേറ്റം സംസ്ഥാനത്തെ ഐടിഐകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ആവർത്തിച്ച് കെ.എസ്.യു. വർഷങ്ങൾക്കുശേഷം മരട് ഗവൺമെന്റ് ഐടിഐ എസ്എഫ്ഐയിൽ നിന്ന് കെഎസ്‌യു തിരിച്ചുപിടിച്ചപ്പോൾ, പെരുമ്പാവൂർ ഐ.ടി.ഐയിൽ മുഴുവൻ സീറ്റുകളിലും കെ.എസ്.യു വിജയിച്ചു.
ചരിത്രത്തിൽ ആദ്യമായി വയനാട് ചുള്ളിയോട് വനിത ഐടിഐയിൽ കെ.എസ്.യു യൂണിയൻ നേടി. അങ്കമാലി തുറവൂർ ഐടിഐ കെ.എസ്.യു യൂണിയൻ പിടിച്ചെടുത്തപ്പോൾ മാടായി ഐടിഐ, കട്ടപ്പന ഐടിഐകളിൽ മുഴവൻ സീറ്റുകളിലും കെ.എസ്.യു വിജയിച്ചു. വേങ്ങൂർ ഐടിഐ, കാസർഗോട് വിദ്യാനഗർ ഐടിഐ, വാഴക്കാട് ഐടിഐകളിലും കെ.എസ്.യു യൂണിയൻ നേടി. കാസർഗോഡ് ഗവ. ഐ ടി ഐ പതിനൊന്നാം വർഷവും കെ.എസ്.യു വിജയിച്ചു. പുഴിക്കാട്ടിരി ഗവ: ഐടിഐ, വാഴക്കാട് ഐടിഐ, ചെറിയമുണ്ടം ഐടിഐ, അരീക്കോട് ഐടിഐ, 19 വർഷങ്ങൾക്കു ശേഷം മാറഞ്ചേരി ഐടിഐ എന്നിവിടങ്ങളിൽ കെ.എസ്.യു മുന്നണി വിജയിച്ചു.
ചരിത്രത്തിൽ ആദ്യമായി കൂത്തുപറമ്പ് ഐടിഐയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മാഗസിൻ എഡിറ്റർ സ്ഥാനം കെ.എസ്.യു പിടിച്ചെടുത്തു. കുഴൽമന്ദം ഐടിഐയിൽ ആർട്സ് ക്ലബ് സെക്രട്ടറി, കടയ്ക്കൽ കുമ്മിൾ ഐടിഐയിൽ സ്പോർട്സ് സെക്രട്ടറി, ഏറ്റുമാനൂർ ഐ.ടി.ഐയിൽ ആർട്സ് ക്ലബ് സെക്രട്ടറി, പുറക്കാട് ഐടിഐയിൽ ജന:സെക്രട്ടറി സീറ്റുകളും കെ.എസ്.യു പിടിച്ചെടുത്തു.
കെ.എസ്.യു ചിട്ടയോടെയുള്ള സംഘടനാ പ്രവർത്തനമാണ് നടത്തിയത്.
എസ്.എഫ്.ഐ യുടെ സമഗ്രാധിപത്യ കോട്ടകളെ തകർത്ത് കെ.എസ്.യു ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയതെന്നും, ഇത് സർക്കാരിനെതിരെയുള്ള വിദ്യാർത്ഥി മനസ്സുകളുടെ വിധിയെഴുത്താണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.