കെ എസ് യു നേതാക്കളെ ജയിലിലടച്ചത് കള്ളക്കുറ്റം ചുമത്തി: അലോഷ്യസ് സേവ്യർ
തിരുവനന്തപുരം: നവകേരള സദസിന് സ്കൂൾ ബസ് വിട്ടുനൽകണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ സമരം ചെയ്ത കെ എസ് യു പ്രവർത്തകരെ ജയിലിലടച്ചത് കള്ളക്കുറ്റം ചുമത്തിയാണെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാമെന്നിരിക്കെ, പരാതിക്കാരനായ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിനെയും സാക്ഷികളെയും ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ആറ് പേരെ റിമാൻഡ് ചെയ്തത്. ഓഫീസ് ജീവനക്കാരെ ദേഹോപദ്രവം ഏൽപ്പിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ എഴുതിച്ചേർത്തിട്ടുണ്ട്. എൽ ഡി എഫ് സർക്കാർ ഉന്നത സ്ഥാനത്ത് ഇരുത്തിയത് വിദ്യാർത്ഥികളുടെ ഭീഷണിക്ക് പോലും വഴങ്ങുന്ന ഒരാളെയാണ് എന്നത് ലജ്ജാകരമാണ്. പ്രതിഷേധിക്കുന്നവരെ ശാരീരികമാവും മാനസികമായും ഇല്ലാതാക്കുക എന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. ജയിലിൽ അടച്ചു സമരവീര്യം ചോർത്താം എന്ന് സർക്കാർ കരുതേണ്ട. സംസ്ഥാന വൈസ് പ്രസിഡൻറ് യദു കൃഷ്ണൻ, അനീഷ് ആൻറണി, ആദേശ് സുധർമ്മൻ, ഫർഹാൻ മുണ്ടേരി, പ്രദുൽ,സുനേജോ സ്റ്റീഫൻസൺ എന്നിവരാണ് നാല് ദിവസമായി പൂജപ്പുര ജയിലിൽ കഴിയുന്നത്. ഞങ്ങൾ മുന്നോട്ട് വച്ച ആവശ്യം ശരിവയ്ക്കുന്നതാണ് ഇന്നത്തെ ഹൈക്കോടതി വിധി. സ്കൂൾ ബസുകൾ നവകേരള സദസിന് വിട്ടുനൽകേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രി പറഞ്ഞത് അതേപടി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കുള്ള താക്കീതാണിതെന്നും അദ്ദേഹം പറഞ്ഞു.