നവകേരള ജാഥയ്ക്ക് ഗവ. സ്കൂൾ ബസ്, കെഎസ് യു പ്രതിഷേധമറിയിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളയാത്രയ്ക്ക് സംഘാടക സമിതികൾ ആവശ്യപ്പെടുന്ന പക്ഷം സർക്കാർ സ്കൂൾ ബസുകൾ നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി കെ.എസ്.യു. സർക്കാർ ചിലവിൽ രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ച് സംഘടിപ്പിക്കപ്പെടുന്ന പരിപാടിയിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള സ്കൂൾ ബസ്സുകൾ വിട്ടുനൽകാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ കത്തിൽ പറയുന്നു.
കേരളത്തിലെ സാമ്പത്തിക മേഖല വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അതിന്റെ ഇരകളാക്കപ്പെടുന്നത് വിദ്യാർത്ഥികൾ കൂടിയാണ്. ഇതുമൂലം വിദ്യാർത്ഥികളുടെ ഇ ഗ്രാന്റും സ്ക്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും മുടങ്ങി പഠനം പോലും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്.
പൊതു ജനങ്ങൾക്കോ വിദ്യാർത്ഥികൾക്കോ യാതൊരു പ്രയോജനവുമില്ലാതെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന നവകേരള സദസ്സ് എന്ന ഈ ധൂർത്തിനും ആഢംബരത്തിനും കൂട്ടുനിൽക്കുന്ന തരത്തിലുള്ള ഉത്തരവ് പിൻവലിക്കണമെന്നും കത്തിൽ അലോഷ്യസ് സേവ്യർ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി.