പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകം തെളിച്ച് കെഎസ്യു; തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ്-ബിജെപി സംഘർഷം
തൃശ്ശൂര്‍: ബിജെപി പരിപാടിക്കായി തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് വടക്കുനാഥൻ ക്ഷേത്രത്തിനു മുന്നിലെ ആല്മരങ്ങള് മുറിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിക്കിടെ അക്രമം അഴിച്ചുവിട്ട് ബിജെപി.
പിന്നാലെ കെഎസ്യു പ്രവർത്തകരും പ്രതിഷേധവുമായി എത്തി. മൈതാനത്തേക്ക് സമരം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ച വേദിയിൽ കെഎസ്യു പ്രവർത്തകർ ചാണകവെള്ളം തെളിച്ചു. ചാണക വെള്ളം തെളിക്കുന്നത് തടയാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചെങ്കിലും തടയാൻ കഴിഞ്ഞില്ല. ഇതിനുപിന്നാലെ ബിജെപി പ്രവർത്തകർ പോലീസിനെതിരെ തിരിഞ്ഞു. ഇത് വലിയ രീതിയിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. 'മഹാന്മാര് വന്ന മണ്ണാണ് ഇത്, ഇന്നോളം ഒരു മരത്തിന്റെ ശിഖരം പോലും മുറിച്ചിട്ടില്ല, മോദി വന്നപ്പോൾ നിരവധി വിശ്വാസികൾ വിളക്കുവയ്ക്കുന്ന ആൽമരത്തിന്റെ ശിഖരവും മുറിച്ചെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി