കേരളവർമ്മയിലെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അട്ടിമറിച്ചതിന് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചന: പ്രതിഷേധം കടുപ്പിക്കാൻ കെ.എസ്.യു
തിരുവനന്തപുരം: കേരളവർമ്മയിലെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അട്ടിമറിച്ചതിന് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവും കെ.രാധാകൃഷ്ണനുമാണ് ഗൂഡാലോചനക്ക് പിന്നിലെന്ന് യദു കൃഷ്ണൻകുറ്റപ്പെടുത്തി. മന്ത്രിമാർക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ,തെരുവിൽ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. 35,000 രൂപയുടെ കണ്ണട വെച്ചിട്ടും ജനാധിപത്യവിരുദ്ധമായ നടപടി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കാണാൻ കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരത്തിൻ്റെ തുടക്കം മുതൽ കെ.എസ്.യു ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ എസ് എഫ് ഐ തയാറായിട്ടില്ല.ആർജ്ജവമുണ്ടെങ്കിൽ റീ ഇലക്ഷൻ നേരിടാൻ തയാറാകണമെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
റിട്ടേണിങ് ഓഫീസറായ അധ്യാപകൻ എസ്എഫ്ഐക്ക് വേണ്ടി ഒത്താശ ചെയ്തു. ആർഷോ കാണിച്ച ടാബുലേഷൻ ഷീറ്റ് അവർ ഉണ്ടാക്കിയതാണ്. കോളേജ് അധികൃതർ യഥാർത്ഥ മാനുവൽ ടാബുലേഷൻ ഷീറ്റ് പുറത്ത് വിടണം. നാളെ മുതൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‍യു പ്രക്ഷോഭം ആരംഭിക്കും. മന്ത്രി ആർ.ബിന്ദുവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആദേശ് സുദർമൻ, അർജ്ജുൻകറ്റയാട്ട്, ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡൻ്റ് ഗോപുനെയ്യാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.