കുടുംബശ്രീ സംസ്ഥാനതല ബാലപാര്‍ലമെന്‍റ് നാളെ
തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിന്‍റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനും കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതും ലക്ഷ്യമിട്ട് ഈ വര്‍ഷത്തെ കുടുംബശ്രീ സംസ്ഥാനതല ബാലപാര്‍ലമെന്‍റ് നാളെ പഴയ നിയമസഭാ മന്ദിരത്തില്‍ നടക്കും. സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ബാലപാര്‍ലമെന്‍റുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച 154 കുട്ടികളും അട്ടപ്പാടിയില്‍ നിന്നുള്ള 11 കുട്ടികളും ഉള്‍പ്പെടെ ആകെ 165 പേരാണ് സംസ്ഥാനതല ബാലപാര്‍ലമെന്‍റില്‍ അണിനിരക്കുന്നത്. സംസ്ഥാനത്തെ 31612 ബാലസഭകളില്‍ അംഗങ്ങളായ 4.59 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാകും ഇവര്‍ ബാലപാര്‍ലമെന്‍റില്‍ പങ്കെടുക്കുക.
ജില്ലാതല പാര്‍ലമെന്‍റുകളില്‍ നിന്നും തിരഞ്ഞെടുത്ത 11 വീതം കുട്ടികളാണ് ബാലപാര്‍ലമെന്‍റിനായി എത്തിയിട്ടുള്ളത്. 154 കുട്ടികളില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ബാലസഭാംഗങ്ങളെ ഇന്നു നടക്കുന്ന ബാലപാര്‍ലമെന്‍റില്‍ പ്രസിഡന്‍റ്, സ്പീക്കര്‍, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ആറ് വകുപ്പ് മന്ത്രിമാര്‍, എ.ഡി.സി, ചീഫ് മാര്‍ഷല്‍, ഡെപ്യൂട്ടി സ്പീക്കര്‍, സെക്രട്ടറി ജനറല്‍, സെക്രട്ടറി, ഗാര്‍ഡ് എന്നിവരായി തിരഞ്ഞെടുത്തിട്ടുള്ളത്. ബാക്കിയുള്ള കുട്ടികളെ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങളായി തിരിക്കും.