60 വയസ്സുകാർക്ക് ആശ്വാസം; കടുത്ത ഫീസുകളിൽ നിന്നും മുക്തമാവുന്നു
കുവൈത്ത് സിറ്റി : കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനവ ശേഷി സമിതി അധികൃതർ സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ മാനവശേഷി ക്കായുള്ള പബ്ലിക് അതോറിറ്റി ബോർഡ് ഈ നിർദ്ദേശം അംഗീകരിച്ചിരുന്നു. ഇത് പ്രകാരം നിലവിൽ രാജ്യത്ത് കഴിയുന്ന 60 വയസിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത എല്ലാ പ്രവാസികൾക്കും അധിക ഫീസ് നൽകാതെ സാധാരണ രീതിയിൽ താമസ രേഖ പുതുക്കുവാൻ കഴിയും. രാജ്യത്തെ പരിചയ സമ്പന്നരായ അവിദഗ്ദ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.പുതിയ തീരുമാനം പ്രകാരം ഈ വിഭാഗത്തിൽ പെട്ടവർക്ക് അധിക ഫീസ് കൂടാതെ സാധാരണ ഫീസ് നൽകി താമസ രേഖ പുതുക്കുവാനും മറ്റൊരു സ്പോൺസരുടെ കീഴിലേക്ക് ഇഖാമ മാറ്റം നടത്തുവാനും കഴിയും.നേരത്തെ ഈ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവാസികൾക്ക് ഇഖാമ പുതുക്കുന്നതിന് 250 ദിനാറും, 500 ദിനാറിന്റെ വാർഷിക ഇൻഷുറൻസ് ഉൾപ്പെടെ പ്രതി വർഷം 900 കുവൈറ്റ് ദിനാറോളം ചെലവ് വന്നിരുന്നു. ഇതേ തുടർന്ന് മലയാളികൾ ഉൾപ്പെടെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികൾക്കാണ് രാജ്യം വിടെണ്ടി വന്നത്. കടുത്ത ഫീസ് നൽകി താമസ രേഖ പുതുക്കാനാവാതെ വന്നതിനെ തുടർന്ന് നിരവധി വിദഗ്ധ തൊഴിലാളികൾക്ക് രാജ്ജ്യം വിടേണ്ടിവന്നിരുന്നു. രാജ്‌ജ്യത്തെ ലേബർ മാർക്കറ്റിലും ഇതിന്റെ പ്രത്യാഘാതം പ്രത്യക്ഷമായിരുന്നു. പുതിയ നടപടികൾ 60 വയസ്സിനോട് അടുത്തുകൊണ്ടിരുന്ന പ്രവാസികളിൽ ചെറുതല്ലാത്ത ആശ്വാസം ജനിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തൊഴിലാളികളുടെ ഇക്കാമ ട്രാൻസ്ഫർ സംബന്ധിച്ചും വ്യക്തമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.