കുവൈറ്റിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദഗ്ധർക്ക് അനുകൂല നടപടികൾ വന്നേക്കും
കുവൈറ്റ് സിറ്റി : മൂന്ന് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികൾക്ക് അനുകൂലമായി നിയമങ്ങൾ ലഘൂകരിക്കുന്നത് കുവൈറ്റ് പരിഗണിക്കുന്നു. 60 വയസ്സിന് മുകളിലുള്ള യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്തവർക്ക് തൊഴിൽ വിസ നിഷേധിക്കുന്നതിന് ഇടയാക്കിയിരുന്നു തീരുമാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുനഃപരിശോധിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ ഏതാണ്ട് 850 ലേറെ കുവൈറ്റ് ദിനാർ ഓരോ വർഷവും കെട്ടി വെച്ച് ആണ് അത്തരക്കാർ വിസ നടപടികൾ പൂർത്തിയാക്കികൊണ്ടിരുന്നത്. അമിതമായ വിസ ചിലവുകൾ താങ്ങാനാവാതെ ഇതേ കാറ്റഗറിയിലുള്ള നിരവധി വിദഗ്ധ തൊഴിലാളികൾ രാജ്ജ്യം വിട്ടതോടെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയിരുന്ന വിദഗ തൊഴിലാളികളുടെ ക്ഷാമം പരക്കെ അനുഭവപ്പെട്ടിരുന്നു. പാചകക്കാർ, തയ്യൽ തൊഴിലാളികൾ , മറ്റു മേഖലകളിലെ വിദഗ്ധ ടെക്‌നീഷ്യന്മാർ തുടങ്ങിയവരുടെ അഭാവം ലേബർ മാർക്കറ്റിൽ പ്രതിഫലിച്ചിരുന്നു .
ലേബർ മാർക്കറ്റിലെ ഇത്തരം പ്രസന്ധികൾ പരിഹരിക്കുന്നതിന് പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളുടെ ചുമതലയുള്ള ഒന്നാം ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് ന്റെ മേൽനോട്ടത്തിൽ കടുത്ത തിരുത്തൽ നടപടികൾ സ്വീകരിച്ചു വരികയായിരുന്നു. അതിന്റെ ഭാഗമായി ഡൊമസ്റ്റിക് വിസ തൊഴിൽ വിസയിലേക്കു മാറ്റുന്നതിനും മന്ത്രാലയങ്ങളുടെ കരാർ ജോലിക്കു വന്നവർക്കു സ്വകാര്യ മേഖലയിലേക്ക് ട്രാൻസ്ഫർ അനുവദിക്കുന്നതിനും ഈയിടെ നടപടികൾ കൈക്കൊണ്ടിരുന്നു. നിരവധി പ്രവാസികൾ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നതായി ചൂണ്ടി ഗണിക്കപ്പെടുന്നു.