അബ്ബാസിയ തീപിടുത്തം - കുവൈറ്റ് ഓ.ഐ.സി.സി നാഷണൽ കമ്മറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.
കുവൈറ്റ് സിറ്റി : മലയാളികൾ തിങ്ങി പാർക്കുന്ന അബ്ബാസിയയിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ ആലപ്പുഴ കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്ത് നീരേറ്റുപുറം സ്വദേശികളായ മാത്യു മുളയ്ക്കൽ, ലിനി എബ്രഹാം, മക്കളായ ഐറിൻ , ഐസക് എന്നിവരുടെ വേർപാട് സുഹൃത്തുക്കൾക്കും സമീപ വാസികൾക്കും തീരാ നോവായി. മാത്യു വിന്റേയും കുടുംബത്തിന്റെയുംഅതി ദാരുണമായ വേർപാടിൽ കുവൈറ്റ് ഓ.ഐ.സി.സി നാഷണൽ കമ്മറ്റി ആദരാഞ്ജലി അർപ്പിച്ചു ദുഃഖം രേഖപ്പെടുത്തി. ഏറെ വേദനാജനകമായ അന്ത്യമാണ് മാത്യുവിനും കുടുംബത്തിനും നേരിടേണ്ടി വന്നത് .
ഇന്നലെ നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് എത്തിയതായിരുന്നു മാത്യുവും കുടുംബവും. ഭക്ഷണം എത്തിച്ച് നൽകിയ ശേഷം കിടക്കാൻ പോയതായിരുന്നു അവർ എന്ന് അതെ കെട്ടിടത്തിലെ താമസക്കാരനായ മറ്റൊരു സുഹൃത്ത് വീക്ഷണത്തോടു പറഞ്ഞു . പുക പകരുന്നതുകണ്ട് അതെ കെട്ടിടത്തിൽ താമസിക്കുന്ന മറ്റുള്ളവർ ബഹളം വെച്ച് മാത്യുവിനേയും കതകിൽ മുട്ടി വിളിച്ചതനുസരിച്ച് പാതി മയക്കത്തിൽ കതകു തുറന്ന മാത്യു ഭാര്യയെയും ഉറങ്ങി കിടക്കുന്ന കുട്ടികളെയും വിളിച്ചിറക്കുന്നതിനായി അകത്തേക്ക് പോയിരുന്നു. മാത്യുവും കുടുംബവും ഇതിനിടെ താഴെ ഇറങ്ങി കാണുമെന്നാണ് മറ്റു താമസക്കാർ പ്രതീക്ഷിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ എത്തി കതകു തുറന്നപ്പോഴാണ് ഇവർ കുടുംബത്തിലെ നാലുപേരും വീട്ടിനകത്തു പുകശ്വസിച്ച് മരണപ്പെട്ടതായി കണ്ടെത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു .
എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ കുവൈറ്റ് ഓ.ഐ.സി.സി ഭാരവാഹികളുമായി ബന്ധപ്പെ ട്ടുകൊണ്ടു മൃത ദേഹംങ്ങൾ നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി അഭ്യര്ഥിക്കുക യുണ്ടായി. ഓ.ഐ.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതശരീരം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിച്ച് വരുന്നു.