For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കുവൈറ്റ് ദുരന്തം: മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും

11:36 AM Jun 13, 2024 IST | Online Desk
കുവൈറ്റ് ദുരന്തം  മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും
Advertisement

കുവൈറ്റ്: കുവൈറ്റ് ദുരന്തത്തില്‍ മന്ത്രിസഭ അനുശോചിച്ചു, തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക.

Advertisement

കുവൈത്ത് അഗ്‌നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികള്‍ മരണമടഞ്ഞു എന്നാണ് മനസിലാക്കുന്നത്. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്‌ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യ ഗവണ്‍മെന്റ് കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കും. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫസര്‍ കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.

Author Image

Online Desk

View all posts

Advertisement

.