നരേന്ദ്ര മോദി ഇനി റെയില്‍വേ ട്രാക്കും കൂടിയേ വില്‍ക്കാനുള്ളൂ എന്ന് ലാലു പ്രസാദ് യാദവ്
പട്‌ന: നരേന്ദ്ര മോദി സര്‍ക്കാര്‍ റെയില്‍വേയെ തകര്‍ത്തുവെന്ന് ആരോപിച്ച് വിമര്‍ശനവുമായി മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്. ഇനി ട്രാക്കും കൂടിയേ വില്‍ക്കാനുള്ളൂ എന്നും ലാലു പരിഹസിച്ചു.
'മോദിയുടെ എന്‍.ഡി.എ സര്‍ക്കാര്‍ റെയില്‍വേ നിരക്കുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വിലയും വര്‍ധിപ്പിച്ചു. സ്റ്റേഷനുകള്‍ വിറ്റു. ജനറല്‍ ബോഗികളുടെ എണ്ണം കുറച്ചു. വയോജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തി. റെയില്‍വേ സുരക്ഷ വെട്ടിക്കുറച്ചിരിക്കുന്നു. അതിനാല്‍ അപകടങ്ങള്‍ ദിനംപ്രതി സംഭവിക്കുന്നു. റെയില്‍വേ നഷ്ടം സഹിക്കുകയാണെന്ന് ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. ഇനി അവര്‍ റെയില്‍വേ ട്രാക്കുകള്‍കൂടി വില്‍ക്കുമോ- രാഷ്ട്രീയ ജനതാ ദള്‍ നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു 'എക്‌സി'ലെ ഒരു പോസ്റ്റില്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന റെയില്‍വേ അപകടങ്ങളില്‍ ലാലു നേരത്തെ ആശങ്ക പ്രകടിപ്പിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
2004നും 2009 നും ഇടയില്‍ യു.പി.എ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു ആര്‍.ജെ.ഡി തലവന്‍. ഇന്ത്യന്‍ പൊതുമേഖലാ ഭീമന്‍ പാപ്പരത്തത്തിലേക്ക് നീങ്ങിയ സമയത്ത് റെയില്‍വേയെ പുനരുജ്ജീവിപ്പിച്ചതിന്റെ ബഹുമതി അദ്ദേഹം നേടി. ലാലുവിന്റെ കീഴില്‍ റെയില്‍വേയുടെ വഴിത്തിരിവ് ലോകമെമ്പാടുമുള്ള നിരവധി സര്‍വകലാശാലകളില്‍ പഠന വിഷയമായി മാറി.
2004ല്‍ ലാലു ചുമതലയേല്‍ക്കുമ്പോള്‍ റെയില്‍വേയുടെ മിച്ചം വെറും 880 കോടി രൂപയായിരുന്നു. എന്നാല്‍, 2007 ആയപ്പോഴേക്കും 11,500 കോടി രൂപയായി ഉയര്‍ന്നു. അറ്റവരുമാനം 4,000 കോടി രൂപയില്‍ നിന്ന് 16,000 കോടി രൂപയായി. യാത്രക്കാര്‍ക്കുള്ള സേവനത്തിലും ചരക്ക് ഗതാഗതത്തിലും വന്‍ മുന്നേറ്റമുണ്ടായി. മെച്ചപ്പെട്ട കാര്യക്ഷമതക്കും പേരുകേട്ടു.
എന്നാല്‍, ലാലു തന്റെ ഭരണകാലത്ത് ഭൂമി കുംഭകോണത്തില്‍ ആരോപണ വിധേയനായി. കേസില്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ന്യൂഡല്‍ഹിയിലെ റൂസ് അവന്യൂവിലെ പ്രത്യേക കോടതികള്‍ പരിഗണിക്കുകയാണ്. ലാലുവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മൂത്ത മകളും പാട്ലീപുത്ര എം.പിയുമായ മിസ ഭാരതി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരുള്‍പ്പെടെ നിരവധി കുടുംബാംഗങ്ങള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. റൂസ് അവന്യൂ കോടതിയില്‍ ലാലു, തേജസ്വി, തേജ് പ്രതാപ് എന്നിവര്‍ തിങ്കളാഴ്ച ഹാജരാകുമെന്ന് കരുതുന്നു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും ഇത് പ്രധാനമന്ത്രി മോദിയുടെ പരാജയമായി കാണണമെന്നും ലാലു ഊന്നിപ്പറഞ്ഞു. 'ഇത് നരേന്ദ്ര മോദിയുടെ പരാജയമായിരിക്കും'. പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ലാലുവിനൊപ്പമുണ്ടായിരുന്ന മിസയും എക്സിറ്റ് പോളുകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. മിക്കവയും സൂചിപ്പിക്കുന്നത് ആര്‍.ജെ.ഡി സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഹരിയാനയെ ബി.ജെ.പിയില്‍നിന്ന് പിടിച്ചെടുക്കുമെന്നാണ്. ഞങ്ങളുടെ പാര്‍ട്ടിയുടെ ഭാഗമായ ഇന്‍ഡ്യാ ബ്ലോക്കിന്റെ വിജയമായാണ് ഞാനിതിനെ കാണുന്നത്. ഹരിയാനയില്‍ ജനങ്ങളുടെ സര്‍ക്കാറാണ് ഭരിക്കാന്‍ പോകുന്നതെന്നും മിസ പറഞ്ഞു. ചൊവ്വാഴ്ചയാണ് ഹരിയാനയിലെ ഫലം പുറത്തുവരിക.