നെയ്യാറ്റിങ്കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം
തിരുവനന്തപുരം: നെയ്യാറ്റിങ്കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. നെയ്യാറ്റിനകര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയില്‍ കുടുങ്ങിയത്.
ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര ആനാവൂരില്‍ പറമ്പിലെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയുടെ മുകളിലേക്ക് വീണത്. പൂര്‍ണമായും മണ്ണിനടയില്‍ കുടുങ്ങിയ ഷൈലനെ രക്ഷിക്കാനുള്ള ശ്രമവും ഉടന്‍ ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഷൈലന്റെ കാലിന്റെ ഭാഗം ഉള്‍പ്പെടെ മണ്ണിനടിയില്‍ കുടുങ്ങി കിടന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.
മുകളിലെ ശരീരത്തിലെ മണ്ണ് നീക്കാനായെങ്കിലും കാലിന്റെ ഭാഗം കുടങ്ങിയത് ഷൈലനെ പുറത്തെടുക്കുന്നകതിന് തടസമായി. ഒടുവില്‍ ഉച്ചയ്ക്ക് രണ്ടോടെയാണ് തൊഴിലാളിയെ മണ്ണില്‍ നിന്ന് പുറത്തെടുത്തത്. സ്ട്രച്ചറില്‍ പുറത്തെത്തിച്ചശേഷം വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. തോട്ടത്തില്‍ മണ്ണെടുക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.