വീണ്ടും കർഷക മാർച്ചിനെ ചോരയിൽ മുക്കി കൊല്ലാൻ ശ്രമം
പഞ്ചാബ് അതിർത്തിയിൽ ജാഥ തടഞ്ഞ് ലാത്തിച്ചാർജ്
ന്യൂഡൽഹി: കർഷകർ നയിക്കുന്ന ദില്ലി ചലോ മാർച്ചിനു നേരേ പഞ്ചാബ് അതിർത്തിയിൽ ക്രൂരമായ ലാത്തിച്ചാർജ്. ഹരിയാന പൊലീസ് ആണ് കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തിയത്. സമാധാനപരമായി മാർച്ചിൽ പങ്കെടുത്തവരെയാണ് പൊലീസ് ക്രൂരമായി നേരിട്ടത്. ഹരിയാന ഡൽഹി റോഡിൽ മണ്ണിട്ടും ബാരിക്കേഡുകൾ സ്ഥാപിച്ചും പൊലീസ് തടഞ്ഞു. പഞ്ചാബുമായി അതിർത്തി പങ്കിടുന്ന അംബാലയിൽ ഹിമാചൽ പൊലീസ് അതിർത്തി അടച്ചു. ഹരിയാനയിൽ നിന്ന് ഡൽഹിയിലിലേക്ക് കർഷകരെ ഒരു കാരണവശാലും കടത്തിവിടരുതെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദേശം.
2020-21 കാലത്ത് സർക്കാർ നൽകിയ ഒരുറപ്പും പാലിക്കുന്നില്ലെന്നാരോപിച്ചാണ് കർഷകർ സമരത്തിനിറങ്ങിയത്. താങ്ങുവില അടക്കം ഒരു സഹായവും തങ്ങൾക്കു ലഭിക്കുന്നില്ലെന്ന് ദേശീയ കർഷക സമിതി ഭാരവാഹികൾ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് അവർ വ്യക്തമാക്കി. പ്രധാനമായും 12 ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.