ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് ഇപി ജയരാജൻ; തെളിവുകൾ പുറത്തുവിട്ട് ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇടതുമുന്നണിയെ വെട്ടിലാക്കി ബിജെപി നേതാവിന്റെ ഗുരുതര വെളിപ്പെടുത്തൽ. എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ ഗുരുതര വെളിപ്പെപ്പെടുത്തലുമായി ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ രംഗത്ത്. ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് ഇപി ജയരാജൻ തന്നെയാണെന്നാണ് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രൻ ഹാജരാക്കി. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. പിന്നെ എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇ പി ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ഇപി ജയരാജന്റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ തെളിവുകൾ ഹാജരാക്കി വ്യക്തമാക്കി. പിന്നീട് ഇപി പിൻമാറിയത് എന്തുകൊണ്ടാണെന്ന് പിണറായിക്ക് അറിയാമെന്നും ശോഭ ആരോപിച്ചു. ഇപിയും ഭാര്യയും ജീവിച്ചിരിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഇപിയുമായുള്ള ഡൽഹി ചർച്ചക്ക് തനിക്ക് ടിക്കറ്റ് അയച്ചു തന്നത് നന്ദകുമാർ ആണെന്നും കൊച്ചി -കോയമ്പത്തൂർ, കോയമ്പത്തൂർ -ഡൽഹി ടിക്കറ്റ് ആണ് അയച്ചതെന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ, നന്ദകുമാർ വാട്സപ്പിൽ അയച്ച ടിക്കറ്റും ഹാജരാക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു ബിജെപി നേതാവിന്റെ ഇന്നത്തെ വെളിപ്പെടുത്തൽ.