'എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല; ജനവിധി അംഗീകരിക്കുന്നു': പിണറായി വിജയൻ
ഭരണഘടന മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണത്തിന്റെ പിൻബലത്തിൽ കാട്ടിക്കൂട്ടിയ പ്രചരണ തന്ത്രങ്ങളെയെല്ലാം പിന്തള്ളി ബിജെപിയുടെ കേവല ഭൂരിപക്ഷത്തെ ഇല്ലായ്മ ചെയ്തത് ഇന്ത്യൻ ജനതയുടെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. 2019ലേതു പോലുള്ള സമാനമായ ഫലമാണ് ഉണ്ടായത്. ജനവിധി അംഗീകരിക്കുകയും ആഴത്തിൽ പരിശോധിച്ച് ആവശ്യമായി തിരുത്തലുകൾ വരുത്തി സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പിലാക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
തൃശ്ശൂർ മണ്ഡലത്തിൽ ബിജെപിയുടെ വിജയം ചെറുതായി അല്ല കാണുന്നത്. ജനാധിപത്യത്തിന്റെയും മതേതത്തിന്റെയും പ്രതീകമായ നമ്മുടെ നാട്ടിൽ ബിജെപി ആദ്യമായി ലോക്സഭാ മണ്ഡലം വിജയിച്ചത് കാര്യമായി വിലയിരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.