എൽഡിഎഫ് സർക്കാർ നിലനിൽക്കുന്നത് ബിജെപിയുടെ ഔദാര്യത്തിൽ: കെ സുധാകരൻ
കൊച്ചി: ബിജെപിയുടെ ഔദാര്യത്തിലാണ് എൽഡിഎഫ് സർക്കാർ ഇവിടെ നിലനിൽക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ എത്രയോ കേസുകൾ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. പക്ഷെ കേന്ദ്ര സർക്കാർ പിണറായിയെ സംരക്ഷിച്ചു നിർത്തി. എപ്പോഴെങ്കിലും കേന്ദ്രസർക്കാർ ഒരില അനക്കിയിരുന്നെങ്കിൽ ഈ സർക്കാർ താഴെ വീഴുമായിരുന്നു. ഒട്ടേറെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടും കേസ് ഒന്നും പിണറായിയുടെ പേരിൽ എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കാലങ്ങളോളം ജയിലിൽ കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരറ്റവും മുഖ്യമന്ത്രിയിലേക്ക് അപ്പോഴും എത്തിയില്ല. ഈ സംരക്ഷണങ്ങൾക്കുള്ള പ്രത്യുപകാരം ആണ് മുഖ്യമന്ത്രിയിൽ നിന്നും സംഘപരിവാറിന് ലഭിക്കുന്നത്. ചുരുക്കി പറഞ്ഞാൽ മുഖ്യമന്ത്രി ഇപ്പോൾ കേരളം ഭരിക്കുന്നത് ബിജെപിയുടെ ഔദാര്യത്തിൽ തന്നെയാണെന്നും സുധാകരൻ പറഞ്ഞു.