Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എല്ലാം ശരിയാക്കി, ഒടുവിൽ ശമ്പളവും

12:59 PM Mar 11, 2024 IST | Veekshanam
Advertisement

ഡോ. ശൂരനാട് രാജശേഖരൻ

Advertisement

ടതു മുന്നണി വരും, എല്ലാം ശരിയാകും എന്നു പിണറായി വിജയൻ പണ്ടു പറഞ്ഞപ്പോൾ എല്ലാം ഇത്രവേഗം ശരിയാകും എന്നു കരുതിയതേയില്ല.
കുത്താൻ ഒരു നുള്ളു വിത്ത് പോലുമില്ലാതെ സർക്കാർ ഖജനാവിൽ പൂച്ച പെറ്റുകിടക്കാൻ തുടങ്ങിയിട്ടു നാളേറെയായി. സർക്കാർ സംവിധാനങ്ങളെല്ലാം പാടേ നിശ്ചലം. കഴിഞ്ഞ നാലഞ്ചു വർഷമായി സർക്കാർ പ്രവർത്തനം ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊടുക്കുന്നതിനു വേണ്ടി മാത്രമായിരുന്നു. ഇപ്പോൾ അതും മുടങ്ങി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. ഈ കുറിപ്പ് തയാറാക്കുമ്പോൾപ്പോലും ഫെബ്രുവരി മാസത്തെ ശമ്പളം പൂർണമായി വിതരണം ചെയ്തു തീർന്നിട്ടില്ല.
സർക്കാർ സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങുന്നത് ഇടതു സർക്കാരിന്റെ കാലത്ത് പുതുമയേ അല്ലാതായി. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും കിട്ടണമെങ്കിൽ ഓരോ മാസവും ഹൈക്കോടതി കനിയണം. സിഡ്കോ പോലുളള ചെറുകിട സ്ഥാപനങ്ങളിൽ തവണക്കണക്കിനാണു ശമ്പളം. ഏറ്റവും കൂടുതൽ വിറ്റുവരവുള്ള ബെവ്കോ വരെ പ്രതിസന്ധിയിലാണ്.

മൂന്നു മാസമായി ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകളൊന്നും ട്രഷറിയിൽ മാറുന്നില്ല. സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ ബില്ലുകൾ മാറാതെ ആയിരക്കണക്കിനു കരാറുകാരാണ് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നത്. നെല്ലു സംഭരിച്ചതു മുതൽ മാവേലിസ്റ്റോറുകളിൽ സാധനങ്ങൾ ഇറക്കിയതിനു വരെ സഹസ്രകോടികളുടെ കടമുണ്ട്, കൊടുത്തു തീർക്കാൻ. മാവേലി സ്റ്റോറുകളിലും സപ്ലേകോ ഔ‌ട്ട്ലെറ്റുകളിലും അവശ്യ സാധനങ്ങളൊന്നുമില്ല. റേഷൻ കടകൾ വെറുതേ തുറന്നു വച്ചിരിക്കുന്നു എന്നേയുള്ളു. ഈ പോസ് മെഷിനുകളെ കുറ്റം പറഞ്ഞ് കടകൾ മിക്കപ്പോഴും മുടക്കമാണ്.
സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയുടെ പേരിൽ കേന്ദ്ര സർക്കാരിനെതിരേ സുപ്രീം കോടതിയിൽ പോയതിന്റെ തിരിച്ചടി വരാനിരിക്കുന്നതേയുള്ളൂ. സാമ്പത്തിക വർഷത്തിന്റെ അവാസന ദിവസങ്ങളിൽ കുറഞ്ഞത് 25,000 കോടി രൂപയെങ്കിലും കി‌ട്ടിയാലേ കേരളത്തിനു പിടിച്ചു നിൽക്കാനാവൂ. കേസും വട്ടങ്ങളുമായി അതിനുള്ള സാധ്യതയും ഇല്ലാതായി. കാര്യങ്ങൾ ഈ വഴിക്കാണു പോകുന്നതെങ്കിൽ അടുത്ത മാസവും സർക്കാർ ജീവനക്കാർക്ക് ശമ്പളം എന്നു കിട്ടുമെന്നു പറയാനാവില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഇത്രത്തോളം തകർന്ന ഒരു സന്ദർഭം ഇതിനുമുൻപൊരിക്കലും ഉണ്ടായിട്ടേയില്ല.

2018ലെ പ്രളയം പോലെ ഇതൊരു മനുഷ്യനിർമിത പ്രതിസന്ധിയാണ്. വരവിൽ കവിഞ്ഞ് ചെലവാക്കുന്നത് ചിലപ്പോഴൊക്കെ അനിവാര്യമായി വന്നേക്കാം. എന്നാൽ കടമെടുത്ത് ആർഭാടം നടത്തുന്നതിന്റെ ദുരന്തമാണ് ഇന്നു കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനം. കേരളീയം മുതൽ ലോക കേരള സഭ വരെ എത്രയെത്ര പാഴ്ച്ചെലവുകളാണ് ഇടതു സർക്കാർ നടത്തിയത്. കാണം വിറ്റും ഓണമുണ്ണാനുള്ള കുറുക്കു വഴിയായി സർക്കാർ തെരഞ്ഞെടുത്ത കിഫ്ബി ഫണ്ടും സംസ്ഥാനത്തിനു തീരാക്കടമായി.

ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കു പ്രകാരം സംസ്ഥാനത്തിന്റെ പൊതു കടം 4,29,270.6 കോടി രൂപയാണ്. 2016ൽ ഉമ്മൻ ചാണ്ടി അധികാരമൊഴിയുമ്പോഴുണ്ടായിരുന്നത് 1,62,271.5 കോടി രൂപ മാത്രം. കേരളം രൂപം കൊണ്ട 1956 മുതലുള്ള 60 വർഷത്തെ സഞ്ചിത കടമാണിത്. അതേ സമയം പിണറായി വിജയൻ അധികാരത്തിൽ വന്നശേഷമുള്ള എട്ടു വർഷത്തെ അധിക കടബാധ്യത 2,66,999.1 കോ‌ടി രൂപയും. നടപ്പ് സാമ്പത്തിക വർഷം നമുക്ക് കട‌മെടുക്കാനുള്ള പരിധി 32,442 കോടി രൂപയാണ്. ഈ തുകയ്ക്കു പുറമേ, 1,787.38 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാനത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് 13,608 കോടി രൂപയുടെ വായ്പയ്ക്കു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. കേരളം സൂപ്രീം കോടതിയിൽ പോയതിന്റെ ദേഷ്യം തീർക്കാൻ ഈ തുക എടുക്കാനുള്ള അനുമതി നീളുകയാണ്. റിസർവ് ബാങ്കിന്റെ തീരുമാനപ്രകാരം ഈ മാസം ഇനി മൂന്നു ദിവസം കൂടി മാത്രമാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച തീരുമാനമെടുക്കാൻ കിട്ടുക. അനുകൂല തീരുമാനമുണ്ടാകുന്നില്ലെങ്കിൽ ഈ മാസം അവസാനത്തോടെ ട്രഷറിക്കു താഴ് വീഴും.
കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാൻ വൈകിയതു വഴി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വണ്ടിച്ചെക്ക് നൽകിയ സ്ഥിതിയായിരുന്നു. സാധാരണ നിലയ്ക്ക് ശമ്പളവും പെൻഷനും എത്തുന്ന എംപ്ലോയീസ് ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ പണം എത്തിച്ചു എന്നു വരുത്തിയ ശേഷം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിക്കാതെ മാറി നിന്നു. രേഖപ്രകാരം ശമ്പളം നല്കിയെന്നും ഫലത്തിൽ പണം കൈയിൽ കി‌ട്ടിയില്ലെന്നുമാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. സർക്കാർ എന്തിനാണ് ഇങ്ങനെയൊരു വളഞ്ഞ വഴി സ്വീകരിച്ചതെന്നും അവർ ചോദിക്കുന്നു. അഞ്ചു ലക്ഷത്തോളം സർക്കാർ ജീവനക്കാരും അഞ്ചേകാൽ ലക്ഷത്തോളം പെൻഷൻകാരുമാണ് സർക്കാരിന്റെ ചതിക്കുഴിയിൽ വീണത്.
ഭരണത്തിന്റെ പിടിപ്പുകേടും സാമ്പത്തിക അച്ചടക്കമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് സർക്കാരിനെ വട്ടം കറക്കുന്നത്. അറുപതു ലക്ഷത്തോളം വരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരെ ആറുമാസമായി സർക്കാർ തിരിഞ്ഞു നോക്കുന്നില്ല.
ഇവർക്കു പെൻഷൻ നൽകാനെന്നു പറഞ്ഞ് ഏർപ്പെടുത്തിയ ഇന്ധന സെസ് പൊതുഖജനാവിനു നഷ്ടപ്പെടുത്തിയത് ഏതാണ്ട് 1,800 കോടി രൂപയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ കൊടുത്തില്ലെന്നു മാത്രമല്ല, സംസ്ഥാനത്തിനു വെറുതേ കിട്ടേണ്ടിയിരുന്ന 1,800 കോടി രൂപ കളഞ്ഞുകുളിക്കുകയും ചെയ്തു.
പെട്രോളിനും ഡീസലിനും ലിറ്ററൊന്നിന് രണ്ടു രൂപ സെസ് പിരിക്കാനുള്ള തീരുമാനമാണു തിരിച്ചടിയായത്. കേരളത്തിനെക്കാൾ രണ്ടു രൂപ കുറവുള്ളതിനാൽ ചരക്ക് വാഹനങ്ങളടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ തുടങ്ങിയതോടെ കേരളത്തിൽ പ്രതിമാസം പെട്രോൾ വില്പനയിൽ ഏതാണ്ട് ഒന്നര കോടി ലിറ്ററിന്റെ കച്ചവടം കുറഞ്ഞു. ഡീസൽ വില്പന 6.38 കോടി ലിറ്ററും. ഒരു ലിറ്റർ പെട്രോളിന് സംസ്ഥാന നികുതി ഏകദേശം 25 രൂപയും ഡീസൽ നികുതി 18 രൂപയുമാണ്. രണ്ടും കൂടി ഒരു മാസം 150 കോടി രൂപയുടെ വരുമാനമാണ് ഇല്ലാതായത്. ഇത്രയും വലിയ നികുതി ചോർച്ച ഒറ്റയടിക്ക് ഉണ്ടായിട്ടും സെസ് പിൻവലിക്കില്ലെന്നാണ് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പ്രഖ്യാപിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ഈ നികുതി ചോർച്ചയ്ക്കു സർക്കാർ വളം വച്ചു കൊടുക്കുന്നതെന്നു തീരെ മനസിലാകുന്നില്ല.
പലകാര്യങ്ങളിലും ചരിത്രം സൃഷ്ടിച്ചാണ് രണ്ടാം പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്. അഴിമതിയുടെ കാര്യത്തിൽ ലോകറെക്കോഡ്‍ തന്നെ സ്ഥാപിച്ചു. പിൻവാതിൽ നിയമനങ്ങളുടെ അനന്ത സാധ്യതകളെല്ലാം പരീക്ഷിച്ചു വിജയം കുറിച്ചു. ഉന്നത വിദ്യാഭ്യാസ മേഖല അപ്പാടെ സ്വജനവൽക്കരിക്കപ്പെട്ടു. രാജ്യത്താദ്യമായി ഗവർണറുടെ സുരക്ഷയിൽ നിന്ന് സംസ്ഥാന പൊലീസിനെ ഒഴിവാക്കി നാണക്കേടിന്റെ റെക്കോഡ് സ്ഥാപിച്ചു. എസ്എഫ്ഐ എന്ന ക്യാംപസ് പ്രസ്ഥാനത്തെ ഗൂണ്ടാ ക്രിമനൽ സംഘങ്ങളാക്കി കലാലയങ്ങളെ കൊലയറകളാക്കി. മാവേലി സ്റ്റോറുകളും സപ്ലൈ കോ സ്റ്റോറുകളും റേഷൻ കടകളും ഒഴിഞ്ഞ ആക്രിക്കടകളാക്കി. അതിനെല്ലാം ഉപരി, കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വന്തം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ശമ്പളവും പെൻഷനും മുടക്കി ട്രഷറിയും അടച്ചുപൂട്ടി. ഇത്രയും നെറികെട്ട, വെറികൊണ്ടു വീർപ്പു മുട്ടിപ്പോയ ഒരു ഭരണ സംവിധാനം നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലില്ല.
കക്കെക്കക്കെ മുടിയുക, മുടിയെ മുടിയെ കക്കുക എന്നൊരു നാട്ടുചൊല്ലുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും സർക്കാരിന്റെ മനോഭാവവും പരിശോധിക്കുന്ന ആർക്കും ഈ ചൊല്ല് അന്വർഥമാണെന്നു ബോധ്യപ്പെടും.

Tags :
kerala
Advertisement
Next Article