പൊലീസിനെതിരേ ഇടത് എംഎല്‍എ; മലപ്പുറം എസ് പിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ സമരവുമായി പി വി അന്‍വര്‍
മലപ്പുറം: മലപ്പുറം എസ്പി എസ്. ശശിധരന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ അസാധാരണ സമരവുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. വ്യാഴാഴ്ച്ച എസ് പിയുടെ താമസസ്ഥലത്തേക്ക് അദ്ദേഹത്തെ കാണാന്‍ പോയ പി വി അന്‍വറിനെ എസ് പി കൂടിക്കാഴ്ച്ചക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പൊലീസ് തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച്ച എസ് പിയുടെ വസതിക്ക് മുന്നില്‍ പി വി അന്‍വര്‍ സമരം തുടങ്ങിയത്. എസ്പി ഓഫിസിലെ മരങ്ങള്‍ മുറിച്ചു കടത്തിയതു കോടതിയുടെ നിരീക്ഷണത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
മരം മുറിച്ചതിനെപ്പറ്റി പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടിയെടുക്കണം, ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയര്‍ലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഉടമയില്‍നിന്നു കൈക്കൂലി വാങ്ങി അയാളെ രക്ഷിച്ച എഡിജിപി എം.ആര്‍. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു ജയിലില്‍ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളുമായി ആയിരുന്നു പി.വി. അന്‍വറിന്റെ കുത്തിയിരിപ്പ് പ്രതിഷേധം.എസ്.ശശിധരന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നതിന് രണ്ടു വര്‍ഷം മുന്‍പ് 2021 ല്‍ നടന്ന മരംമുറി സംഭവവുമായി ബന്ധപ്പെട്ടാണ് നിലവിലെ സമരം. എസ്.സുജിത് ദാസ് ആയിരുന്നു അന്നത്തെ ജില്ലാ പൊലീസ് മേധാവി. ഔദ്യോഗിക വസതിയില്‍നിന്നു തേക്കും മഹാഗണിയും മുറിച്ചു കടത്തിയെന്നാരോപിച്ച് അന്ന് കൊല്ലം സ്വദേശി പരാതി നല്‍കിയിരുന്നു.
എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ ഗുരുതരമായ ആരോപണങ്ങളും പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിക്കുന്നുണ്ട്. അജിത്കുമാര്‍ പോലീസിലെ ഒരു വിഭാഗത്തെ ക്രമിനല്‍വത്കരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിനൊപ്പം നിന്ന് അദ്ദേഹം സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നുവെന്നും എം.എല്‍.എ പറഞ്ഞു.
'എം.ആര്‍. അജിത്കുമാര്‍ പോലീസിലെ ഒരു വിഭാഗത്തിനെ ക്രിമിനലൈസ് ചെയ്യുന്നതിന് വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെയുണ്ടാകുന്ന കള്ള ആരോപണങ്ങളില്‍ ഇദ്ദേഹം ഇടപെട്ടിരുന്നെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ അവസാനിക്കുമായിരുന്നു. സര്‍ക്കാരിന്റെ ആളാണെന്ന് പറയുന്ന രീതിയില്‍ നില്‍ക്കുന്ന ആട്ടിന്‍തോലിട്ടചെന്നായയാണ് അദ്ദേഹമെന്ന് വേണമെങ്കില്‍ പറയാം. സാധാരണ മനുഷ്യരെ എതിരാക്കുന്ന ഒരു പ്രവൃത്തി കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം നടത്തുന്നുണ്ട്. സര്‍ക്കാരിനെ ഒപ്പം നിന്നുകൊണ്ട് അതേ സര്‍ക്കാരിനെ തകര്‍ക്കുകയാണ്. തന്നെ വിശ്വസിപ്പിച്ച് കാര്യങ്ങള്‍ എല്‍പ്പിച്ച അതേ സര്‍ക്കാരിനെ തകര്‍ക്കാന്‍ എങ്ങിനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാമെന്നതില്‍ റിസര്‍ച്ച് നടത്തി ഡോക്ടറേറ്റ് വാങ്ങിയവ്യക്തിയാണ് അദ്ദേഹം', പി.വി അന്‍വര്‍ ആരോപിച്ചു. പൊലീസിനും എ ഡി ജി പി ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ സിപിഎം എം എല്‍ എ തന്നെ സമരവുമായി തെരുവിലിറങ്ങിയത് സര്‍്ക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.